'മരണശേഷം പരലോകത്തേയ്ക്ക് പോകാമെന്ന് പ്രലോഭിപ്പിച്ചു, ഭാര്യയേയും സുഹൃത്തിനെയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീന്‍'
അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളും യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയേയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീന്‍ ആണ്…
അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളും യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയേയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീന്‍ ആണ് എന്നാണ് സൂചന.
പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീന്‍ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ മൂന്നുപേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നെന്നും മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു ചിന്തയെന്നുമാണ് പൊലീസ് പറയുന്നത്. ആര്യയ്ക്ക് നവീന്‍ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29), ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41) എന്നിവരാണു മരിച്ചത്. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെയും ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്‌സ് റിട്ട. ഉദ്യോഗസ്ഥന്‍ അനില്‍കുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ.
ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാന്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആര്യയെ 27 മുതല്‍ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 'സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങള്‍ പോകുന്നു' എന്ന കുറിപ്പും നാട്ടില്‍ വിവരം അറിയിക്കേണ്ടവരുടെ ഫോണ്‍ നമ്പറും മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയിലെ മേശയിലുണ്ടായിരുന്നു. സിസിടിവിയില്‍ സംശായസ്പദമായൊന്നും കണ്ടെത്തിയിട്ടില്ല.
മൂവരെയും കുറിച്ച് വീട്ടുകാര്‍ക്കും ചില സംശയങ്ങള്‍ തോന്നിയിരുന്നു. എന്നാല്‍, ആരോടും മനസ്സുതുറക്കാത്ത വിധമായിരുന്നു മൂവരുടെയും പെരുമാറ്റം. ഏതാനും മാസങ്ങളായി ആരോടും ഇടപഴകാത്ത തരത്തിലായിരുന്നു ജീവിതമെന്നും പൊലീസ് പറയുന്നു.
മരണാനന്തരജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നവരുടെ കൂട്ടായ്മ കേരളത്തില്‍ തന്നെയുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവര്‍ വെബ്സൈറ്റില്‍ തിരഞ്ഞ കാര്യങ്ങള്‍ സൈബര്‍ വിഭാഗം പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. മരണാനന്തരജീവിതം വിശദമാക്കുന്ന ഒട്ടേറെ യുട്യൂബ് വിഡിയോകളും ഇവര്‍ കണ്ടിരുന്നു. കണ്‍വന്‍ഷനു പോകുന്നുവെന്നു പറഞ്ഞാണു നവീനും ദേവിയും വീട്ടില്‍നിന്നു പോയത്. തിരുവനന്തപുരത്തുനിന്ന് ആര്യയെ കൂട്ടി വിമാനമാര്‍ഗം അരുണാചലിലേക്കു പോകുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
ശ്രീകാര്യത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് ആര്യ. ദേവി മുന്‍പ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാര്‍ച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്നു 100 കിലോമീറ്റര്‍ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. കഴിഞ്ഞദിവസങ്ങളില്‍ റെസ്റ്റോറന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചുചെല്ലുകയായിരുന്നു.
മുറിയില്‍ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞ നിലയില്‍ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാര്‍ന്നാണ് മൂവരുടെയും മരണം.