തെരഞ്ഞെടുപ്പ് കമീഷന്‍റെ വിഡിയോഗ്രാഫറെ തടഞ്ഞ സംഭവം: എളമരം കരീമിനും മന്ത്രി റിയാസിനും എതിരെ യു.ഡി.എഫ് പരാതി

കോഴിക്കോട്: പെരുമാറ്റച്ചട്ടം നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ചുമതലപ്പെടുത്തിയ വിഡിയോഗ്രാഫറെ തടഞ്ഞുവെക്കുകയും ദൃശ്യങ്ങള്‍ മായ്ക്കുകയും ചെയ്ത സംഭവത്തില്‍ യു.ഡി.എഫ് ദേശീയ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി…

By :  Editor
Update: 2024-04-05 00:28 GMT

കോഴിക്കോട്: പെരുമാറ്റച്ചട്ടം നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ചുമതലപ്പെടുത്തിയ വിഡിയോഗ്രാഫറെ തടഞ്ഞുവെക്കുകയും ദൃശ്യങ്ങള്‍ മായ്ക്കുകയും ചെയ്ത സംഭവത്തില്‍ യു.ഡി.എഫ് ദേശീയ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിനെതിരെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയുമാണ് യു.ഡി.എഫ് കോഴിക്കോട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഡ്വ. പി.എം. നിയാസ് പരാതി നല്‍കിയത്.

ദൃശ്യങ്ങൾ മായ്പിച്ച സംഭവത്തിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) സഞ്ജയ് എം. കൗൾ ജില്ല ഭരണാധികാരികൂടിയായ കലക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.

റിപ്പോർട്ട് നൽകാൻ വൈകുമെന്ന സൂചനയെത്തുടർന്നാണ് യു.ഡി.എഫ് വിഷയം ദേശീയ തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപെടുത്തിയത്. വിഡിയോഗ്രാഫര്‍ക്കൊപ്പമുണ്ടായിരുന്ന നിരീക്ഷണ ഉദ്യോഗസ്ഥന്റേയും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി.എം. നിയാസിന്റെയും മൊഴിയെടുത്തിട്ടുണ്ട്. കലക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സി.ഇ.ഒ തുടര്‍നടപടി സ്വീകരിക്കുക.

ഭീഷണിപ്പെടുത്തി വിഡിയോഗ്രാഫറുടെ കാമറയില്‍നിന്ന് മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. ദൃശ്യങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കും.

കൂടാതെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതില്‍ സ്ഥാനാര്‍ഥിക്കുള്ള പങ്ക് സംബന്ധിച്ചും അന്വേഷിക്കും. തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും ആവശ്യമെങ്കില്‍ ദേശീയ തെരഞ്ഞെടുപ്പ് കമീഷനും റിപ്പോര്‍ട്ട് കൈമാറുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സ്‌പോര്‍ട്‌സ് ഫ്രറ്റേണിറ്റി എന്ന പേരില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടകനായാണ് പരിപാടി സംഘടിപ്പിച്ചത്.

Tags:    

Similar News