അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയിൽ; അടിയന്തരവാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.…

;

By :  Editor
Update: 2024-04-10 00:53 GMT

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ബുധനാഴ്ച രാവിലെ പത്തരയോടെ കേജ്‌രിവാളിന്റെ അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മുൻപാകെ വിഷയം ഉന്നയിക്കുകയും ഇക്കാര്യത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്യുന്നത്. ഇതിനെ ചോദ്യം ചെയ്താണ് കേജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അറസ്റ്റും റിമാൻഡും ശരിവച്ച ഡൽഹി ഹൈക്കോടതി, നിയമ നടപടികളിൽ രാഷ്ട്രീയ പശ്ചാത്തലം ഒരു ഘടകമല്ലെന്ന് വ്യക്തമാക്കി. സമൂഹത്തിൽ മുൻനിരയിലുള്ള, വലിയ പിന്തുണയുള്ളവർക്കെതിരായ അന്വേഷണത്തിൽ വേർതിരിവു കാണാനാവില്ലെന്നു പറഞ്ഞ ജസ്റ്റിസ് സ്വർണ കാന്ത ശർമ, അറസ്റ്റ് ചെയ്ത സമയം ഉൾപ്പെടെ ഉന്നയിക്കപ്പെട്ട പരാതികളും പരിഗണിച്ചില്ല.

ജനപ്രാതിനിധ്യനിയമം അനുസരിച്ചു റജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയാണു ആംആദ്മി പാർട്ടിയെന്നും ഒരു കമ്പനിയല്ലെന്നുമുള്ള വാദം തള്ളിയ കോടതി, കമ്പനികൾക്കുള്ള പിഎംഎൽഎ നിയമത്തിലെ 70–ാം വകുപ്പ് ഇവിടെ ബാധകമാകുമെന്നു വിലയിരുത്തി. ഒരു കമ്പനി പിഎംഎൽഎ നിയമം ലംഘിച്ചാൽ, അതിന്റെ ചുമതല വഹിച്ചിരുന്നവരെയും കുറ്റവാളിയായി കണക്കാക്കുന്നതാണു പ്രസ്തുത വകുപ്പ്. മാപ്പുസാക്ഷികളുടെ മൊഴിക്കെതിരെയുള്ള വാദങ്ങളും അംഗീകരിച്ചില്ല. 3 പേരാണു കേസിൽ മാപ്പുസാക്ഷികളായി കേജ്‌രിവാളിനെതിരെ മൊഴി നൽകിയത്.

മദ്യനയവുമായി ബന്ധപ്പെട്ട് കേജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും തെളിവുകൾ വ്യക്തമാക്കുന്നുവെന്നു ജസ്റ്റിസ് സ്വർണ കാന്ത ശർമ വിധിയിൽ പറഞ്ഞു. ‘നയരൂപീകരണത്തിലും അതിനു പ്രത്യുപകാരം ആവശ്യപ്പെടുന്നതിലും അദ്ദേഹം ഭാഗമായിരുന്നു’– കേജ്‌രിവാളിനും ആംആദ്മി പാർട്ടിക്കും (എഎപി) തിരിച്ചടിയായ വിധിയിൽ പറയുന്നു.

കേജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് എഎപി അറിയിച്ചു. അറസ്റ്റ് നടപടി അംഗീകരിക്കുന്നതിനു തുല്യമാകുമെന്നതിനാൽ കേജ്‌രിവാൾ ഇതുവരെ ജാമ്യാപേക്ഷ നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

Tags:    

Similar News