തോമസ് ഐസക്കിന് ഇളവ് നൽകിയത് തെറ്റായ നടപടി: കിഫ്ബി മസാല ബോണ്ട് കേസിൽ ഹൈക്കോടതിയിൽ അപ്പീൽ

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഈ ഘട്ടത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലായെന്ന സിം​ഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി ഡിവിഷൻ…

By :  Editor
Update: 2024-04-11 22:58 GMT

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഈ ഘട്ടത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലായെന്ന സിം​ഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി ഡിവിഷൻ ബ‌ഞ്ച് വെള്ളിയാഴ്ച തന്നെ പരി​ഗണിക്കണമെന്നാണ് ആവശ്യം. ഐസക്കിന് ഇളവ് നൽകിയത് തെറ്റായ നടപടിയാണെന്ന് ഇഡി ആരോപിച്ചു.

വേനലവധിക്ക് കോടതി പിരിയാനിരിക്കുമ്പോഴാണ് ഇഡി അപ്പീൽ നൽകിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയോട് തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിൽ ചോദ്യംചെയ്യലിന് ഹാജാരാകാൻ ആവശ്യപ്പെടുന്നത് അനുചിതമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മസാലബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ച ഇ.ഡി.നടപടിയെ ആണ് തോമസ് ഐസകും കിഫ്ബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തത്. 'ഇഡി കൈമാറിയ വിവരങ്ങൾ പരിശോധിച്ചു. പക്ഷേ നൽകിയ വിവരങ്ങൾ വെളിപ്പെടുത്താൻ ഇത് ശരിയായ ഘട്ടമാണെന്ന് തോന്നുന്നില്ല. എന്നിരുന്നാലും ചില ഇടപാടുകൾക്ക് വിശദീകരണം ആവശ്യമാണ്. അത് പിന്നീടുള്ള ഘട്ടത്തിൽ ചെയ്യാം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു സ്ഥാനാർത്ഥിയെ അസ്വസ്ഥനാക്കുന്നത് ഉചിതമല്ലെ'ന്നായിരുന്നു കോടതി വ്യക്തമാക്കിയത്. കേസ് പരി​ഗണിച്ച ജസ്റ്റിസ് ടി.ആർ.രവി കേസ് മെയ് 22-ലേക്ക് മാറ്റിവെച്ചു.

എന്നാൽ തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് ഇഡി ഹർജിയിൽ ചൂണ്ടികാണിക്കുന്നത്. ചോദ്യം ചെയ്യൽ വൈകുന്നതുമൂലമാണ് കേസിൽ കാലതാമസമുണ്ടാകുന്നത്. വിഷയത്തിൽ ഡിവിഷൻ ബെഞ്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Tags:    

Similar News