ലാഭമോ മുടക്കുമുതലോ നൽകിയില്ല’: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം കോടതി ഉത്തരവിട്ടത്.…

By :  Editor
Update: 2024-04-13 00:50 GMT

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22നാണു തിയറ്ററുകളിലെത്തിയത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്. സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്‌ഷൻ ഇനിയുമേറെ കുതിക്കുമെന്നാണു കരുതുന്നത്. ചിദംബരം സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രത്തിനു മലയാളത്തിനു പുറത്തുനിന്നും നല്ല പ്രതികരണമായിരുന്നു.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്കു മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണു നിർമിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്‌നാട്ടിലുമായാണു ചിത്രീകരിച്ചത്.

Tags:    

Similar News