സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ 'ബിഹാര്‍ റോബിന്‍ഹുഡ്': ചുവന്ന ബോര്‍ഡ് വച്ച് യാത്ര, മോഷ്ടിച്ച പണം കൊണ്ട് സാധുക്കള്‍ക്ക് ചികിത്സ
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തി രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് കേരള പൊലീസിന്റെ തന്ത്രപൂര്‍വവും അതിദ്രുതവുമായ ഓപ്പറേഷനിലൂടെ. 15 മണിക്കൂറിനകമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയുടെ ദൃശ്യങ്ങള്‍…
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തി രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് കേരള പൊലീസിന്റെ തന്ത്രപൂര്‍വവും അതിദ്രുതവുമായ ഓപ്പറേഷനിലൂടെ. 15 മണിക്കൂറിനകമാണ് പ്രതിയെ വലയിലാക്കിയത്.
പ്രതിയുടെ ദൃശ്യങ്ങള്‍ ജോഷിയുടെ വീട്ടിലെ സിസിടിവികളില്‍ നിന്നു ലഭിച്ചെങ്കിലും സമീപത്തെ സിസിടിവികളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തത ഇല്ലാത്തത് ആദ്യഘട്ടത്തില്‍ തിരിച്ചടിയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ എല്ലാ മൊബൈല്‍ ഫോണുകളുടെയും സിഡിആര്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.
ഇതില്‍ നിന്നും പ്രതി മുഹമ്മദ് ഇര്‍ഫാന്റെ സഞ്ചാര പഥം കണ്ടെത്തി. ഇയാള്‍ കാറിലാണ് സഞ്ചരിക്കുന്നതെന്നും, കാറിന്റെ പ്രത്യേകതകളും വഴിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി. മഹാരാഷ്ട്ര റജിസ്‌ട്രേഷനുള്ള കാറില്‍ ബിഹാര്‍ സീതാമര്‍ഹി ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ എന്ന ചുവന്ന ബോര്‍ഡ് വച്ചായിരുന്നു യാത്ര. കൊച്ചി പൊലീസില്‍ നിന്നു വിവരം ലഭിച്ചതോടെ മംഗലാപുരം, ഉഡുപ്പി മേഖലയില്‍ കര്‍ണാടക പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു.
ഇതിനിടെയാണ് കോട്ടയ്ക്കു സമീപം വാഹനം കണ്ടെത്തിയത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ പറന്ന ഇര്‍ഫാനെ അതിസാഹസികമായിട്ടാണ് പൊലീസ് പിടികൂടിയത്. മോഷണമുതലുകളും കാറില്‍ നിന്നും കണ്ടെടുത്തു. ഇര്‍ഫാന് ഉജാല എന്നും വിളിപ്പേരുണ്ട്. വില കൂടിയ കാറുകളില്‍ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 2500 ലേറെ കിലോമീറ്റര്‍ കാറോടിച്ചാണ് ഇയാള്‍ കൊച്ചിയില്‍ മോഷണത്തിനെത്തിയത്. പന്ത്രണ്ടു നഗരങ്ങളിലായി 40 ലേറെ കവര്‍ച്ചകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ ‘ബിഹാർ റോബിൻഹുഡ്’ എന്നാണറിയപ്പെടുന്നത്. മോഷ്ടിച്ച പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്നതിനാലാണ് ഇങ്ങനെയൊരു വിളിപ്പേര് ലഭിച്ചത്. മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണത്തിന്റെ 20% വരെ നാട്ടിലെ സാധുക്കളുടെ ചികിത്സാച്ചെലവ്, വിവാഹച്ചെലവ് എന്നിവയ്ക്കും റോഡ് നിർമാണത്തിനും മറ്റും വീതിച്ചു നൽകുന്നതാണു ഇർഫാന്റെ രീതി. ബിഹാറിലെ 7 ഗ്രാമങ്ങൾക്ക് കോൺക്രീറ്റ് റോഡുകൾ നിർമിച്ചു നൽകിയിട്ടുണ്ട് ഇയാൾ. ദാനത്തിനു ശേഷം ബാക്കിയുള്ള പണം ആഡംബര ജീവിതത്തിനായി ചെലവിടും.
കഴിഞ്ഞവർഷം മാർച്ചിൽ പുനെയിലെ ആഡംബര പാർപ്പിട സമുച്ചയമേഖലയിൽ നടത്തിയ മോഷണത്തിന്റെ മുതലിൽ നിന്ന് 1.20 കോടി രൂപ ചെലവിട്ട് സീതാമർഹി ജില്ലയിൽപ്പെടുന്ന ജോഗിയ പഞ്ചായത്തിലെ ഏഴ് ഗ്രാമങ്ങളിൽ കോൺക്രീറ്റ് റോഡുകൾ ഇർഫാൻ പണിതു നൽകി. കൂടാതെ, നിർധന പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. സീതാമർഹിയിലെ പുപ്രി ഗ്രാമം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇർഫാന്റെ ഭാര്യ ജില്ലാ പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.