മലപ്പുറത്ത് യുവാവിനെ ആക്രമിച്ച് 1.75 കോടിയുടെ സ്വർണം കവർന്നു; അഞ്ചംഗ സംഘത്തിനായി അന്വേഷണം
മലപ്പുറം: അന്യസംസ്ഥാനക്കാരനായ യുവാവിനെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. മലപ്പുറം താനൂരിലെ ഒഴൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മഹാരാഷ്‌ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ…
മലപ്പുറം: അന്യസംസ്ഥാനക്കാരനായ യുവാവിനെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. മലപ്പുറം താനൂരിലെ ഒഴൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മഹാരാഷ്‌ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നുവെന്നാണ് പരാതി.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമാണശാലയിൽ നിന്നാണ് സ്വർണം മലപ്പുറത്തേയ്ക്ക് കൊണ്ടുവന്നത്. ജില്ലയിലെ ജ്വല്ലറികളിൽ മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വർണമായിരുന്നു ഇത്. യുവാവിന്റെ പക്കൽ രണ്ട് കിലോഗ്രാം സ്വർണവും 43 ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടിയും ഉണ്ടായിരുന്നു. മഞ്ചേരിയിൽ സ്വർണം നൽകിയതിനുശേഷം കോട്ടക്കലിലേയ്ക്ക് വരുന്നതിനിടെ താനൂരിൽ പുതിയ സ്വർണക്കട തുടങ്ങുന്നുണ്ടെന്നും ഇവിടേയ്ക്ക് സ്വർണം വേണമെന്നും ആവശ്യപ്പെട്ട് യുവാവിനെ തട്ടിപ്പുസംഘം വിളിക്കുകയായിരുന്നു. യുവാവിനോട് ഒഴൂരിലേയ്ക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെവച്ച് കാറിൽക്കയറ്റിക്കൊണ്ട് പോവുകയും ആക്രമിച്ച് സ്വർണം കവരുകയും ചെയ്തെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താനൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.