എറണാകുളത്ത് മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു; വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും രോഗബാധ
കൊച്ചി: എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നോർത്ത് കളമശ്ശേരിയിൽ രണ്ടാഴ്ചക്കുള്ളിൽ 28…
കൊച്ചി: എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നോർത്ത് കളമശ്ശേരിയിൽ രണ്ടാഴ്ചക്കുള്ളിൽ 28 പേർക്കാണ് രോഗബാധ ഉണ്ടായത്.
ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂവാറ്റുപുഴ ആർ ഡി ഒ ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
കഴിഞ്ഞ ഏപ്രിൽ 17നാണ് വേങ്ങൂർ പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നീടിത് പടരുകയായിരുന്നു. ജില്ലയിൽ നിലവിൽ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 40ലേറെ പേർക്ക് രോഗബാധയേൽക്കുകയും ചെയ്തു. വേങ്ങൂരിലെ 15 വാർഡുകളിൽ നിലവിൽ രോഗബാധയുണ്ട്.