അമീറുൽ ഇസ്‌ലാമിന് തൂക്കുകയർ തന്നെ; പ്രതിയുടെ ഹർജി തള്ളി ഹൈക്കോടതി, വധശിക്ഷ ശരിവച്ചു

സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ കോടതി തള്ളി. വധശിക്ഷയ്‌ക്കെതിരെ…

By :  Editor
Update: 2024-05-20 04:21 GMT

സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ കോടതി തള്ളി. വധശിക്ഷയ്‌ക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയും കോടതി പരിഗണിച്ചു. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്.

ഡിഎൻഎ സാംപിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച ശേഷമാണ് വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. കോടതി വിധി കേള്‍ക്കാൻ കൊല്ലപ്പെട്ട ജിഷയുടെ അമ്മയും സഹോദരിയും കോടതിയിലെത്തിയിരുന്നു.

കൊലപാതകം, ലൈംഗിക പീഡനം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിനെതിരെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതി അപ്പീലിൽ വാദിച്ചത്.

കൊല്ലപ്പെട്ട യുവതിയുടെ പേര് വിചാരണ നടപടികളുടെ ആദ്യഘട്ടത്തിൽ കോടതി രേഖകളിൽ ഉപയോഗിച്ചിരുന്നെങ്കിലും അന്തിമ വിധിന്യായത്തിൽ ഒഴിവാക്കിയിട്ടുണ്ട്. മരണശേഷവും ഇരയുടെ സ്വകാര്യതയെ മാനിക്കാനാണു യുവതിയുടെ പേരിനു പകരം ഇംഗ്ലിഷ് അക്ഷരമാലയിലെ ‘ജെ’ എന്ന അക്ഷരം ഉപയോഗിക്കുന്നതെന്നും കോടതി രേഖപ്പെടുത്തി.

Tags:    

Similar News