എറണാകുളത്തും കുറുവ സംഘം; പത്തോളം വീടുകളിൽ മോഷണശ്രമം
ചേന്ദമംഗംലം–വടക്കൻ പറവൂർ മേഖലകളിലെ പത്തോളം വീടുകളിൽ ഇന്നു പുലർച്ചെ മോഷണ സംഘമെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു
കൊച്ചി: കുറവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കള്‍ എറണാകുളം ജില്ലയിലും എത്തിയതായി സംശയം. ചേന്ദമംഗംലം–വടക്കൻ പറവൂർ മേഖലകളിലെ പത്തോളം വീടുകളിൽ ഇന്നു പുലർച്ചെ മോഷണ സംഘമെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വടക്കൻ പറവൂർ തൂയിത്തറ പാലത്തിനു സമീപത്തുള്ള വീട്ടിൽ പുലർച്ചെ 2.20ന് ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീട്ടുകാർ ലൈറ്റിട്ടതോടെ മോഷണ സംഘം ഓടിമറയുകയായിരുന്നു. പിന്നിലെ വാതിൽ തുറക്കാനുള്ള ശ്രമം നടത്തിയിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. താഴത്തെ കുറ്റി ഇളക്കിയെങ്കിലും മുകളിലെ കുറ്റി ഇളക്കാൻ സാധിച്ചില്ല. ഉടൻ സമീപത്തു താമസിക്കുന്ന സഹോദരനേയും അയൽവാസികളേയും വിളിച്ചു കൂടുതൽ ആളുകൾ എത്തിയ ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. തുടർന്ന് വടക്കേക്കര പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തുകയും ചെയ്തു.
തുടർന്ന് പല വീട്ടുകാരും സിസിടിവി പരിശോധിച്ചതോടെയാണ് പത്തോളം വീടുകളിൽ പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ 2 പേരടങ്ങുന്ന സംഘങ്ങൾ എത്തിയിട്ടുള്ളതായി കണ്ടിട്ടുള്ളത്. ഇത് ഒരേ ആൾക്കാർ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. വീടുകളുടെ പിന്നിലെ വാതിലുകളാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
മുഖം മൂടി ധരിച്ച് കയ്യിൽ ആയുധവുമായിട്ടാണ് ഇവരുടെ വരവ്. ഇന്നലെ മോഷണം നടത്താൻ ശ്രമിച്ച ഒരു വീട്ടിൽ കമ്പിപ്പാര ഉപേക്ഷിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വസ്ത്രമെടുത്ത് മുഖം മറച്ചിട്ടാണ് പോയിട്ടുള്ളത് എന്ന് വീട്ടുകാർ പറയുന്നു.