ലോക വെറ്ററൻസ് മീറ്റ്: പൊന്നമ്മയ്ക്ക് സഹായഹസ്തവുമായി മൈജി
കോഴിക്കോട്: ലോക വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന കോട്ടയംകാരി പൊന്നമ്മക്ക് ഇനി പണത്തെക്കുറിച്ചോർത്ത് ബുദ്ധിമുട്ടേണ്ട. 59 കാരിയായ പൊന്നമ്മയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്തുകൊണ്ട് സ്ത്രീ ശാക്തീകരണത്തിന്റെ ഉൽകൃഷ്ടമായ…
കോഴിക്കോട്: ലോക വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന കോട്ടയംകാരി പൊന്നമ്മക്ക് ഇനി പണത്തെക്കുറിച്ചോർത്ത് ബുദ്ധിമുട്ടേണ്ട. 59 കാരിയായ പൊന്നമ്മയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്തുകൊണ്ട് സ്ത്രീ ശാക്തീകരണത്തിന്റെ ഉൽകൃഷ്ടമായ മാതൃക കാണിച്ചുകൊടുക്കുകയാണ് മൈജി. ഈ മാസം അവസാനം ശ്രീലങ്കയിൽ വച്ച് നടക്കുന്ന പ്രായമായവരുടെ 800 മീറ്റർ 400 മീറ്റർ 200 മീറ്റർ ഓട്ട മത്സരങ്ങളിൽ പൊന്നമ്മക്ക് പങ്കെടുക്കണം. അതിന് ഒരു ലക്ഷത്തോളം രൂപ ചിലവ് വരും. അതിനുശേഷം അയോധ്യയിൽ നടക്കുന്ന ഇന്റർനാഷണൽ വെറ്ററൻസ് മീറ്റിലും പങ്കെടുക്കണം. കയ്യിൽ പണമില്ലാത്ത തന്നെ ആരെങ്കിലും ഒന്ന് സ്പോൺസർ ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് ബുദ്ധിമുട്ടി ഇരിക്കുമ്പോഴാണ് ചാനൽ ന്യൂസ് വഴി പൊന്നമ്മയുടെ കഥ അറിഞ്ഞ മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ. കെ. ഷാജി സ്പോൺസർഷിപ്പ് ഏറ്റെടുത്തത്.
2017ൽ സ്പെയിനിൽ നടന്ന ലോക വെറ്ററൻസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പൊന്നമ്മക്ക് അന്ന് സ്വന്തം വീടിന്റെ ആധാരം പണയം വെയ്ക്കേണ്ടിവന്നിരുന്നു. 168 രാജ്യങ്ങൾ പങ്കെടുത്തതിൽ ഒരു കോച്ച് പോലുമില്ലാതെ ഇരുപത്തിനാലാം സ്ഥാനം സ്വന്തമാക്കാൻ അന്ന് പൊന്നമ്മക്ക് കഴിഞ്ഞു.
എൻ.സി.സി യിൽ വെച്ച് 1500 മീറ്റർ ഉയരത്തിൽ നിന്നും പാരച്ചൂട്ടിൽ നിന്ന് ചാടിയ വനിത, ലോക വെറ്ററൻസ് മീറ്റിൽ ഇന്ത്യക്ക് 24 ആം സ്ഥാനം നേടിക്കൊടുത്ത സ്പോർട്സ് താരം, നിരവധി സ്റ്റേറ്റ് ഇന്റർ സ്റ്റേറ്റ്, മാരത്തൺ, ക്രോസ്സ് കൺട്രി മത്സരങ്ങളിൽ സ്വർണ്ണവും വെള്ളിയും വെങ്കലവും ഉൾപ്പെടെ 85 ഓളം മെഡലുകളും സർട്ടിഫിക്കറ്റുകളും നേടിയെടുത്ത് ഇന്ന് 59 ആം വയസ്സിൽ എത്തി നിൽക്കുന്ന പൊന്നമ്മയുടെ ഊർജ്ജസ്വലത തന്നെ അത്ഭുതപ്പെടുത്തി എന്ന് മാത്രമല്ല പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നും ഏത് പ്രായത്തിലും പ്രതികൂല സാഹചര്യങ്ങളുടെ നടുവിലും മനുഷ്യന്റെ ഇച്ഛാശക്തിക്കും ലക്ഷ്യബോധത്തിനും കീഴടക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്നും ഓർമ്മപ്പെടുത്തുന്നതായി എ.കെ ഷാജി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ പുതുതലമുറക്കും ഒരു കമ്പനി എന്ന നിലയിൽ മൈജിയിലെ മാനേജ്മെന്റിനും സ്റ്റാഫിനും പൊന്നമ്മയുടെ ജീവിതം ഏറെ ആവേശകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം പാക്കിൽ പന്നിമറ്റം സ്വദേശിയാണ് പൊന്നമ്മ. ഭർത്താവ് കുറച്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചു, ആദ്യകാലങ്ങളിൽ കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. രണ്ട് പെൺമക്കളെ വിവാഹം കഴിച്ച് അയച്ചു.