സിപിഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തുവെറിഞ്ഞ് പാർട്ടി പ്രവർത്തകൻ; ലോക്കൽ സെക്രട്ടറിയടക്കം ഓടി രക്ഷപ്പെട്ടു
man-threw-explosive-towards-cpm-leaders-kasaragod
;കാഞ്ഞങ്ങാട് ഗൃഹസന്ദർശനത്തിനെത്തിയ സിപിഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്തു എറിഞ്ഞത്. ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.പരുക്കേറ്റ നാട്ടുകാരിയായ കണോത്ത് തട്ട് സ്വദേശി ആമിന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ എന്നിവര്‍ക്ക് നേരെയാണ് രതീഷ് സ്ഫോടക വസ്തു എറിഞ്ഞത്. ഷമീര്‍ എന്നയാളുടെ വീട്ടിലേക്ക് സിപിഎം നേതാക്കൾ ഗൃഹസന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം. ഷമീറിന്റെ അയൽവാസിയായ സ്ത്രീയാണ് പരുക്കേറ്റ ആമിന. ആക്രമണത്തിനു ശേഷം ഓടിരക്ഷപ്പെട്ട പ്രതി രതീഷിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.