അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല; ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് മടങ്ങണം
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. ജൂൺ രണ്ടിന് തന്നെ കെജ്രിവാൾ ജയിലിലേക്ക് മടങ്ങണം. ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി…
;ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. ജൂൺ രണ്ടിന് തന്നെ കെജ്രിവാൾ ജയിലിലേക്ക് മടങ്ങണം. ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കില്ല. കെജ്രിവാളിന്റെ അപേക്ഷ സുപ്രീംകോടതി രജസ്റ്ററി അനുവദിച്ചില്ല. സ്ഥിര ജാമ്യത്തിനായി ഡൽഹി മുഖ്യമന്ത്രിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സി.ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും കെജ്രിവാൾ ഹരജിയിൽ വ്യക്തമാക്കിയിരുന്നു.കെജ്രിവാളിന് ഏഴ് കിലോ ഭാരം കുറഞ്ഞിട്ടുണ്ടെന്നും കീറ്റോൺ തോത് ഉയർന്നിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തുടർ ചികിത്സകൾ അനിവാര്യമായതിനാൽ ജാമ്യ കാലാവധി നീട്ടിനൽകണമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായാണ് കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് കെജ്രിവാൾ തിരികെ തിഹാർ ജയിലിൽ എത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യം നൽകിയതിനെ ബി.ജെ.പി രാഷ്ട്രീയ വിവാദമാക്കിയിരുന്നു. ജാമ്യ കാലാവധിയിൽ ഡൽഹി മുഖ്യമന്ത്രിയുടെ യാതൊരു ചുമതലയും വഹിക്കരുത് എന്നത് ഉൾപ്പെടെ കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. എ.എ.പി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, രാജ്യസഭാംഗമായ സഞ്ജയ് സിങ് ഉൾപ്പെടെയുള്ളവരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.