എൻഡിഎയുടെ പിന്തുണക്കത്ത് കൈമാറി മോദി; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് രാഷ്ട്രപതി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിഭവനിലെത്തി എൻഡിഎ നേതാക്കളുടെ പിന്തുണക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനു കൈമാറി. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി,…

By :  Editor
Update: 2024-06-07 10:06 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിഭവനിലെത്തി എൻഡിഎ നേതാക്കളുടെ പിന്തുണക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനു കൈമാറി. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് എന്നിവരെ സന്ദർശിച്ച ശേഷമാണു മോദി രാഷ്ട്രപതി ഭവനിലെത്തിയത്.

സർക്കാർ രൂപീകരണത്തിനു മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വീട്ടിൽ യോഗം ചേർന്നു. രാജ്നാഥ് സിങ്, ജയന്ത് ചൗധരി, പ്രഫുൽ പട്ടേൽ തുടങ്ങിയവർ പങ്കെടുത്തു.

എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി മോദിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളടക്കം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാജ്നാഥ് സിങ്ങാണു മോദിയെ നേതാവായി നാമനിർദേശം ചെയ്തത്.

അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ പിന്താങ്ങി. എൻഡിഎ നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ഏക്നാഥ് ഷിൻഡെ, അജിത് പവാർ, പവൻ കല്യാൺ, ചിരാഗ് പാസ്വാൻ, അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി എന്നിവരും പിന്തുണ പ്രഖ്യാപിച്ചതോടെ മോദിയെ നേതാവായി തിരഞ്ഞെടുത്തു.

രാവിലെ ഭരണഘടന തൊട്ടുവണങ്ങിയാണ് മോദി യോഗത്തിനെത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി മുഖ്യമന്ത്രിമാരുടെ സാന്നിധ്യവും പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടായിരുന്നു. ബിജെപി പാർലമെന്ററി പാർട്ടി യോഗം പ്രത്യേകം വിളിക്കാതെ എൻഡിഎ യോഗമാണു ചേർന്നത്.

ബ്രേക്കിങ് ന്യൂസുകളുടെ അടിസ്ഥാനത്തിലാവില്ല, വികസനത്തിന്റെ ലക്ഷ്യത്തിലാണ് രാജ്യം മുന്നോട്ടു പോവുകയെന്ന് മോദി യോഗത്തിൽ പറഞ്ഞു.

കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനം ട്രെയിലർ മാത്രമാണ്. പുതിയ ഇന്ത്യ (ന്യൂ ഇന്ത്യ - N), വികസിത ഇന്ത്യ (ഡവലപ്ഡ് ഇന്ത്യ –D), അഭിലാഷ ഇന്ത്യ (ആസ്പിരേഷനൽ ഇന്ത്യ – A) എന്ന് എൻഡിഎയ്ക്കു പുതിയ നിർവചനവും മോദി നൽകി. പാവപ്പെട്ടവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കൊപ്പം മധ്യവർഗക്കാരുടെ ജീവിതനിലവാരം ഉയർത്താനും പദ്ധതികൾ ഉണ്ടാവും. മൂന്നാം എൻഡിഎ സർക്കാർ അതിവേഗ വികസനം കൊണ്ടുവരും. രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസം നടപ്പാക്കുമെന്നും മോദി പറഞ്ഞു.

Tags:    

Similar News