ഷാർജ ഇന്ത്യൻ സ്കൂളിന്‍റെ പേരിൽ തട്ടിപ്പ്; മലയാളികൾ അടക്കം നിരവധി പേർ കെണിയിൽ വീണതായി സൂചന

ഷാർജ∙ ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപക, അനധ്യാപക ജീവനക്കാരെ ആവശ്യമുണ്ടെന്ന് അറിയിച്ച് തട്ടിപ്പിന് ശ്രമം. സമൂഹമാധ്യമത്തിലൂടെ ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാനുള്ള റിക്രൂട്ടിങ് ഏജൻസി എന്ന…

By :  Editor
Update: 2024-06-09 08:57 GMT

ഷാർജ∙ ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപക, അനധ്യാപക ജീവനക്കാരെ ആവശ്യമുണ്ടെന്ന് അറിയിച്ച് തട്ടിപ്പിന് ശ്രമം. സമൂഹമാധ്യമത്തിലൂടെ ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാനുള്ള റിക്രൂട്ടിങ് ഏജൻസി എന്ന പേരിലാണ് വീസയ്ക്കും വിമാന ടിക്കറ്റിനും മറ്റുമായി വൻതുക ആവശ്യപ്പെട്ട് തട്ടിപ്പ് ശ്രമം നടത്തുന്നത്.

ഇത്തരത്തിൽ ഒരു റിക്രൂട്ടിങ് ഏജൻസിയെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും തട്ടിപ്പിൽപ്പെടാതെ ജാഗ്രത പാലിക്കണമെന്നും സ്കൂളുകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര അറിയിച്ചു. ജോലി ആവശ്യങ്ങൾക്കായി ആരിൽ നിന്നും പണം സ്വീകരിക്കുന്നത് ഇന്ത്യൻ അസോസിയേഷന്‍റെ രീതിയല്ലെന്നും വ്യക്തമാക്കി.

വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ് ബുക്കിലുമുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് വൻ ശമ്പളമടക്കമുള്ള ആകർഷകമായ പാക്കേജുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പിനുള്ള നീക്കം നടത്തിയത്. ഒന്നിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും അത്തരം പ്ലാറ്റ്‌ഫോമുകളും ഞങ്ങളുടെ പേരിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് ബയോഡാറ്റ സ്വീകരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം അനധികൃത നീക്കങ്ങൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നിസാർ തളങ്കരയും ജനറൽ സെക്രട്ടറി ശ്രീപ്രകാശും അറിയിച്ചു

സ്കൂൾ ജീവനക്കാർക്ക് സാധാരണ ലഭിക്കുന്നതിലും കൂടുതൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളുമാണ് ദുബായ് ജോബ് എന്ന വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ തട്ടിപ്പ് നടത്തുന്നവർ വാഗ്ദാനം ചെയ്യുന്നത്. കുട്ടികളെ സ്കൂൾ ബസിലെത്തിക്കുക, തിരിച്ചുകൊണ്ടുവിടുക, അവരുടെ ബാഗുകളും മറ്റും സൂക്ഷിക്കുക തുടങ്ങിയ വളരെ എളുപ്പമുള്ള ജോലിക്ക് 2,200 ദിർഹമാണ് പ്രതിമാസ ശമ്പളം!. സൗജന്യ താമസം, വാരാന്ത്യ അവധി, ദിവസവും 10 മണിക്കൂർ ജോലി എന്നിവയടങ്ങുന്നതാണ് പാക്കേജ്!!. 20 മുതൽ 45 വയസ്സ് പ്രായമുള്ള, അൽപ്പം ഇംഗ്ലിഷ് സംസാരിക്കാനറിയാവുന്നവർക്ക് താത്പര്യമുണ്ടെങ്കിൽ പാസ്പോർട് കോപ്പി അയച്ചുകൊടുത്താൽ വീസയും ജോലിയും നൽകുമെന്നാണ് വാഗ്ദാനം.

visa വിമാന ടിക്കറ്റ്, ഇൻഷുറൻസ്, മെഡിക്കൽ എന്നിവയ്ക്കെല്ലാം കൂടി ആകെ 96,000 രൂപയാണ് നൽകേണ്ടത്. 35,000 രൂപ മുൻകൂറായി നൽകണം. ബാക്കി തുക രണ്ട് തവണയായും. എന്നാൽ വീസ ലഭിച്ച ശേഷം മുഴുവൻ തുകയും നൽകിയാലേ യാത്ര പുറപ്പെടാനാകൂ. വാട്സാപ്പ് ഗ്രൂപ്പ് വഴി പാസ്പോർട് കോപ്പി അയച്ചുകൊടുക്കണം. ഇവരുടെ തട്ടിപ്പിൽപ്പെട്ട് നാട്ടിലുള്ള ഒട്ടേറെ പേർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് പണം നഷ്ടപ്പെട്ടതായാണ് വിവരം ലഭിച്ചിട്ടുള്ളതെന്ന് നിസാർ തളങ്കര പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ നൽകിയിട്ടുള്ള ഫോൺ നമ്പരിലേക്ക് വിളിച്ചാൽ വോയിസ് മെസേജിലേയ്ക്കാണ് കോൾ പോകുന്നത്. ആൺകുട്ടികള്‍ക്കും പെൺകുട്ടികൾക്കും പ്രത്യേകം കെട്ടിടങ്ങളുള്ള ഷാർജ ഇന്ത്യൻ സ്കൂളുകളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠിക്കുന്നത്. മലയാളികളടക്കം ഒട്ടേറെ അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.

Similar News