'നെതന്യാഹുവിന്റെ കിടപ്പറ വരെ നമ്മുടെ ഡ്രോണ്‍ എത്തി; അയാളെ ഒരു ഇസ്രായേലി തന്നെ കൊന്നേക്കാം; യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും'; ഭീഷണി മുഴക്കി ഹിസ്ബുള്ളയുടെ പുതിയ തലവന്‍
അറബ്, ഇസ്‍ലാമിക രാജ്യങ്ങൾ ഇസ്രായേലിനെ നേരിടാൻ ഞങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെയും സ്വാഗതം ചെയ്യും
ലെബനൻ: ഹസൻ നസ്‌റള്ളയുടെ കൊലപാതകത്തിന് പിന്നാലെ പുതിയെ പിൻഗാമിയെ പ്രഖ്യാപിച്ച് ഹിസ്‌ബുള്ള. ഹിസ്‌ബുള്ളയുടെ ഡെപ്യൂട്ടി ഹെഡ് ആയിരുന്ന നയിം ഖാസിമാണ് പുതിയ തലവന്‍. പുതിയ തലവനെ തെരഞ്ഞെടുത്ത കാര്യം ഹിസ്ബുള്ള ഔദ്യോഗികമായി പ്രഖ്യാപിച്ചു.
'ഹിസ്ബുള്ളയുടെ ശൂറാ (ഭരണ) കൗൺസിൽ ഷെയ്ഖ് നയിം ഖാസിമിനെ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു' - ഹിസ്‌ബുള്ളയുടെ പ്രസ്‌താവനയില്‍ പറയുന്നു. നസ്‌റള്ള കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് പുതിയ തലവനെത്തുന്നത്.
ദിവസം ചെല്ലും തോറും ഓരോ നേതാക്കളെയും ഇസ്രായേല്‍ വകവരുത്തുമ്പോഴും ഭീഷണി മുഴക്കി ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള വീണ്ടും രംഗത്തുവരുന്നു. ഏറ്റവും ഒടുവിലായി ഹസന്‍ നസ്രുള്ളക്ക് പകരക്കാരനായി എത്തിയ ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറല്‍ നയിം ഖാസിമും ഇസ്രായേലിനെതിരെ ഭീഷണിയുമായി രംഗത്തെത്തി. ഖാസിമിനെ തീര്‍ക്കുമെന്ന് അധികം ആയുസ്സില്ലെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ള നേതാവിന്റെ പുതിയ വെല്ലുവിളി.
നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോൺ എത്തിയെന്നും അയാളുടെ സമയമെത്താത്തതിനാലാവാം അതിജീവിച്ചതെന്നും ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം. ‘ഒരുപക്ഷേ ഒരു ഇസ്രായേലി തന്നെ അയാളെ കൊല്ലും, ചിലപ്പോൾ ഏതെങ്കിലും പ്രസംഗത്തിനിടെയാകും കൊല്ലപ്പെടുന്നത്’ -ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തിൽ നഈം ഖാസിം മുന്നറിയിപ്പ് നൽകി.
'ഭാരിച്ച ഉത്തരവാദിത്തവും വിശ്വാസവും എന്നില്‍ ഏല്‍പിച്ചതിന് ഹിസ്ബുല്ലയോട് ഞാന്‍ നന്ദി പറയുന്നു. നമ്മുടെ സെക്രട്ടറി ജനറലിനെ കൊലപ്പെടുത്തിയവര്‍ നമ്മുടെ ഉള്ളിലെ ചെറുത്തുനില്‍പ്പിനെ പരാജയപ്പെടുത്താനും ധര്‍മസമരത്തിനുള്ള ആഗ്രഹത്തെ തകര്‍ക്കാനും ആഗ്രഹിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ രക്തം നമ്മുടെ സിരകളില്‍ തിളച്ചുകൊണ്ടേയിരിക്കും, ഈ പാതയില്‍ അടിയുറച്ച് നില്‍ക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വര്‍ധിപ്പിക്കും. വെടിനിര്‍ത്താന്‍ ഹിസ്ബുല്ല ആവശ്യപ്പെടില്ല. ശത്രു യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഞങ്ങള്‍ക്ക് അനുയോജ്യമാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കും. ഏത് പരിഹാരവും ചര്‍ച്ചകളിലൂടെയായിരിക്കും' - അദ്ദേഹം വ്യക്തമാക്കി.
ലബനാന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ഹിസ്ബുല്ല ഇസ്രായേലുമായി യുദ്ധം ചെയ്യുന്നതെന്നും ഒരു വിദേശ സ്വാധീനത്തിന്റെ പേരിലല്ലെന്നും അദ്ദേഹം വ്യകതമാക്കി. നിങ്ങളുടെ ത്യാഗങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുമെന്നും അല്‍പം കൂടി ക്ഷമ കൈക്കൊള്ളണമെന്നും ലബനാനിലെ ഹിസ്ബുല്ല അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പുതിയ സെക്രട്ടറി ജനറല്‍ പറഞ്ഞു.
'ഇസ്രായേലുമായുള്ള യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും. ഒരു സഹോദരനെപ്പോലെയായിരുന്നു ഹസന്‍ നസ്റുല്ല. അദ്ദേഹം തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ ഹിസ്ബുല്ല തുടരും. ഗസ്സയെ സഹായിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഇസ്രായേല്‍ ഭീഷണിയെ ഞങ്ങള്‍ പ്രതിരോധിക്കും. മുമ്പ് ഇസ്രായേല്‍ ലബനാനെ ആക്രമിച്ചപ്പോള്‍ അവരെ തുരത്തിയത് ഹിസ്ബുല്ലയും സൈന്യവും ലബനാന്‍ ജനതയും ചേര്‍ന്നാണ്. അല്ലാതെ അന്താരാഷ്ട്ര പ്രമേയങ്ങളല്ല. കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നുമായി 39,000 ആക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തിയിട്ടുണ്ട്. അവര്‍ നിയമങ്ങള്‍ അനുസരിക്കുന്നവരല്ല. പ്രതിരോധിക്കാന്‍ അവരാണ് ഞങ്ങളെ പ്രേരിപ്പിച്ചത്.
ലബനാന്‍ മണ്ണില്‍ കുടിയേറാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍, അവരെ പുറത്താക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. അല്ലാതെ, ഞങ്ങള്‍ ആരുടെയും പ്രേരണയാലല്ല പോരാടുന്നത്. ഇറാന്‍ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. മറ്റേതെങ്കിലും അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ ഇസ്രായേലിനെ നേരിടാന്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അതിനെയും സ്വാഗതം ചെയ്യും. ചെറുത്തുനില്‍പ്പിനെതിരായ ആഗോള യുദ്ധമാണ് അവര്‍ നടത്തുന്നത്. ലബനാനിലും ഗസ്സയിലും മാത്രമായി പരിമിതമല്ല. ഇത്തരമൊരു യുദ്ധത്തെയാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്നത്. അന്തിമ വിജയം ഞങ്ങള്‍ക്കൊപ്പമാണ്' -അദ്ദേഹം വ്യക്തമാക്കി.