ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി; രാജി ചോദിച്ച് വരേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജിവെക്കണമെന്ന് ഉപദേശിക്കുന്ന കോണ്‍ഗ്രസ്, അവര്‍ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചുവെന്ന്…

By :  Editor
Update: 2024-06-11 10:46 GMT

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജിവെക്കണമെന്ന് ഉപദേശിക്കുന്ന കോണ്‍ഗ്രസ്, അവര്‍ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്ര മോദിയെ മാറ്റി നിര്‍ത്താനാണ് ജനം വോട്ടുചെയ്തത്.

അത് ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല. മഹാവിജയം നേടിയെന്ന് പറയുന്ന യുഡിഎഫിന് എങ്ങനെ വോട്ടുകുറഞ്ഞുവെന്ന് അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രിതോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്ന് പ്രതിപക്ഷം പറയുന്നു.

എന്നാല്‍ എന്തുകൊണ്ട് ഹിമാചലിലും കര്‍ണാടകയിലും മുഖ്യമന്ത്രിമാര്‍ രാജിവെക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കണം എന്ന കോണ്‍ഗ്രസ് ഉപദേശം ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കൊടുക്കാമായിരുന്നില്ലേ? കോണ്‍ഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചുവെന്നും പിണറായി വിജയന്‍ ചോദിച്ചു. ലോക്‌സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞുപോയതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണം എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്. 2004-ല്‍ എകെ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് സീറ്റ് കുറഞ്ഞത് കൊണ്ടല്ല, കോണ്‍ഗ്രസിനകത്തുള്ള സംഘടനാ പ്രശ്‌നം കൊണ്ടായിരുന്നു. അതുവച്ച് രാജി ചോദിക്കാന്‍ വരേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫിന് 4.92 ലക്ഷം വോട്ടാണ് കുറഞ്ഞത്, പ്രതിപക്ഷത്തിന് 6.11 ലക്ഷം വോട്ട് കുറഞ്ഞു. മഹാവിജയം നേടിയ നിങ്ങള്‍ ഈ കുറവ് പരിശോധിക്കണം. ബി.ജെ.പിയുടെ തൃശൂരിലെ ജയം ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസാരത്തിനിടെ ബഹമുണ്ടാക്കിയ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി കയര്‍ത്തു. പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടോയെന്ന് ആലോചിക്കണം, അല്ലാതെ ബ ബ ബ്ബ പറയരുത്. വിജയത്തില്‍ അഹങ്കരിക്കരുത്.

ഇത് ആത്യന്തിക പരാജയമല്ല, ജനപിന്തുണയോടെ ഞങ്ങള്‍ ഇവിടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.യുഡിഎഫ് ജയിച്ചതില്‍ തല്‍ക്കാലം വേവലാതിയില്ലെന്നും ബിജെപി ഒരു മണ്ഡലത്തില്‍ ജയിച്ചതിലാണ് വേവലാതി. ബിജെപിയുടെ തൃശൂരിലെ ജയം ഗൗരവമായി കാണണം. പലയിടത്തും യുഡിഎഫിനൊപ്പം നിന്ന ശക്തികള്‍ തൃശൂരില്‍ ഒപ്പംനിന്നില്ലെന്നും പിണറായി പറഞ്ഞു.

Tags:    

Similar News