പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; സഹായിച്ച പൊലീസുകാരന്‍ അഞ്ചാം പ്രതി

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ചുപേരാണ് പ്രതികള്‍. കൊലപാതകശ്രമം, സ്ത്രീധന പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇരയായ…

By :  Editor
Update: 2024-07-12 05:34 GMT

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ചുപേരാണ് പ്രതികള്‍. കൊലപാതകശ്രമം, സ്ത്രീധന പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇരയായ യുവതി മലക്കം മറിഞ്ഞതിന് പിന്നാലെ കേസ് റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ നീക്കത്തിനിടെയാണ് അറുപതാം ദിവസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഭര്‍ത്താവ് രാഹുലാണ് ഒന്നാം പ്രതി. രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടു മൂന്നും പ്രതികളാണ്. പ്രതിയെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ശരത്‌ലാലിനെ അഞ്ചാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതിഭാഗത്തിന്റെ അപ്പീലില്‍ അടുത്തമാസം വാദം കേള്‍ക്കാനിരിക്കെയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പറവൂര്‍ സ്വദേശിയായ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പന്തീരാങ്കാവ് പൊലീസ് വേണ്ട വിധം അന്വേഷണം നടത്തിയില്ലെന്ന് പറഞ്ഞ് യുവതി മാധ്യമങ്ങളുടെ മുന്നില്‍ പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.

ഇതിന് പിന്നാലെ യുവതി നാടകീയമായി മൊഴിമാറ്റി. അച്ഛന്റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭര്‍ത്താവിനെതിരെ മൊഴി നല്‍കിയതെന്നായിരുന്നു യുവതിയുടെ മലക്കം മറിച്ചില്‍. ഇതിന് പിന്നാലെ യുവതിയുടെ പിന്തുണയോടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്ക് പരാതിയില്ലെന്നും ഭര്‍ത്താവ് തന്നെ മര്‍ദിച്ചിട്ടില്ലെന്നും സത്യവാങ്മൂലവും നല്‍കിയിരുന്നു.

Tags:    

Similar News