ടണലിൽ കൂരിരുട്ട്, രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരം

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ മണിക്കൂറുകൾക്കുശേഷവും തുടരുന്നു. മാലിന്യം നിറഞ്ഞ തോട്ടില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. രാത്രിയായാല്‍ തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആലോചിച്ചിരുന്നെങ്കിലും, രാത്രിയിലും…

By :  Editor
Update: 2024-07-13 07:17 GMT

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ മണിക്കൂറുകൾക്കുശേഷവും തുടരുന്നു. മാലിന്യം നിറഞ്ഞ തോട്ടില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. രാത്രിയായാല്‍ തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആലോചിച്ചിരുന്നെങ്കിലും, രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരാനാണ് ഇപ്പോൾ ധാരണ. ഇതിനായി ലൈറ്റുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സ്ഥലത്ത് സജ്ജീകരിക്കുകയാണ്.

ശനിയാഴ്ച രാവിലെയാണ് കോർപറേഷനിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍, മാലിന്യം നിറഞ്ഞ തോട്ടില്‍ ജോയിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഏറെ പ്രയാസകരമായിരുന്നു. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല. തുടര്‍ന്ന് മാലിന്യം നീക്കി തിരച്ചില്‍ നടത്താനായിരുന്നു ശ്രമം.

അതിനിടെ, ടണലില്‍ 30 മീറ്ററോളം അകത്തേക്ക് പോയെങ്കിലും ഫലമുണ്ടായില്ലെന്ന് സ്‌കൂബാസംഘാംഗം പറഞ്ഞു. ടണലിനകത്ത് മുഴുവന്‍ ഇരുട്ടാണ്. മുട്ടുകുത്തി നില്‍ക്കാന്‍പോലും കഴിയുന്നില്ല. ഇനി ടണലിന്റെ മറുവശത്തുനിന്ന് അകത്തേക്ക് കയറാനാണ് ശ്രമിക്കുന്നതെന്നും സ്‌കൂബാസംഘാംഗം പറഞ്ഞു.

മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്‌ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നതായിരുന്നു വരുമാനമാര്‍ഗം. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.

Tags:    

Similar News