വെന്റിലേറ്ററിൽ 75 ദിവസം; കൊച്ചിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലിരുന്ന യുവതി മരിച്ചു
കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂർ കൊപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.15ഓടെയാണ് മരണം…
കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂർ കൊപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 75 ദിവസത്തോളമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. വേങ്ങൂർ പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി.
അഞ്ജനയടക്കം മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്നു നാട്ടുകാരിൽ നിന്നടക്കം ധന സമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള പണം കണ്ടെത്തിയത്. പഞ്ചായത്ത് സഹായനിധി രൂപീകരിച്ച് രണ്ടര ലക്ഷം കൈമാറിയിരുന്നു. ചികിത്സയ്ക്ക് ഏതാണ്ട് 25 ലക്ഷത്തോളം ചെലവായിട്ടുണ്ട്.
ശ്രീകാന്താണ് അഞ്ജനയുടെ ഭർത്താവ്. പിതാവ്: ചന്ദ്രൻ, മാതാവ്: ശേഭ ചന്ദ്രൻ. സഹോദരി: ശ്രീലക്ഷ്മി.
ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്നു വേങ്ങൂർ, മുടക്കുഴ പഞ്ചായത്തിലെ 240ഓളം പേർക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിരുന്നു. മരിച്ച അഞ്ജനയുടെ ഭർത്താവ്, ഭർതൃ സഹോദരൻ എന്നിവരും മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏപ്രിൽ 17 മുതലാണ് പ്രദേശത്ത് മഞ്ഞപ്പിത്തം പടരാൻ ആരംഭിച്ചത്.