ലിഫ്റ്റിൽ നിന്ന് രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പെഴുതി കൈവരിയിൽ തൂക്കിയിട്ടു'; രവീന്ദ്രന്‍ നായര്‍

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റ് തകരാർ ആയപ്പോൾ പലകുറി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നുവെന്നും രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതിയെന്നും രവീന്ദ്രന്‍ നായര്‍. ലിഫറ്റിനു സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന…

By :  Editor
Update: 2024-07-16 01:42 GMT

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റ് തകരാർ ആയപ്പോൾ പലകുറി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നുവെന്നും രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതിയെന്നും രവീന്ദ്രന്‍ നായര്‍. ലിഫറ്റിനു സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഒന്നുമുണ്ടായിരുന്നില്ലെന്നും അങ്ങനെ ബോർഡ് ഉണ്ടായിരുന്നെങ്കില്‍ ആ ലിഫ്റ്റിൽ കയറുകയില്ലായിരുന്നുവെന്നും രവിന്ദ്രൻ നായർ പറഞ്ഞു. മരണക്കുറിപ്പ് ബാഗിൽ വെച്ച് ലിഫ്റ്റിന്‍റെ കൈവരിയിൽ തൂക്കിയിട്ടു. മരണകാരണം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു അങ്ങനെ എഴുതിയതെന്നും രവീന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച 11 മണിക്ക് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഒപിയിൽ എത്തിയതായിരുന്നു തിരുവനന്തപുരം തിരുമല സ്വദേശിയായ രവീന്ദ്രൻ നായർ. തുടർന്ന് കേടായ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനിടയിലാണ് ലിഫ്റ്റിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന വയോധികനെ കണ്ടെത്തിയത്. മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന നിലയിലായിരുന്നു രവീന്ദ്രൻ നായർ.

രവീന്ദ്രൻ നായരുടെ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടിയ നിലയിലായിരുന്നു. ലിഫ്റ്റ് പെട്ടന്ന് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോൾ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രൻ നായർ പറഞ്ഞത്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ച പറ്റിയവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അതില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി വീണ് ജോർജ് അറിയിച്ചു.

Tags:    

Similar News