ബില്ലുകളില്‍ തീരുമാനം വൈകൽ: കേന്ദ്രത്തിനും ഗവർണറുടെ അഡീ. ചീഫ് സെക്രട്ടറിക്കും സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെയും ബില്ലുകളില്‍ ചിലത് രാഷ്ട്രപതിക്ക് അയച്ചതിനെതിരെയും കേരളം നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും…
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെയും ബില്ലുകളില്‍ ചിലത് രാഷ്ട്രപതിക്ക് അയച്ചതിനെതിരെയും കേരളം നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് നോട്ടീസ് അയച്ചത്. അതേസമയം, കേസില്‍ കേരളം എതിര്‍കക്ഷിയാക്കിയിരുന്ന രാഷ്ട്രപതിയുടെ സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടില്ല.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. നോട്ടീസിന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ഗവര്‍ണര്‍ ഏഴു ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതും നാലുബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കാതിരുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാരിന് ഒപ്പം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയും ഇതേ ആവശ്യമുന്നയിച്ച് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ ചില ഗവര്‍ണര്‍മാര്‍ക്കുള്ള സംശയം നീക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് കേരളത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ചില ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിയെ സംസ്ഥാനം ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഗവര്‍ണര്‍മാര്‍ ഏതൊക്കെ സാഹചര്യത്തില്‍ ബില്ലുകള്‍ കേന്ദ്രത്തിന് അയക്കാം എന്നതിനെ സംബന്ധിച്ച് മാര്‍ഗ്ഗരേഖ പുറത്തിറക്കണമെന്നും വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ക്ക് അധികാരം നല്‍കാത്ത ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് ബംഗാള്‍ സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരളത്തിന്റെ ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിന്റെയും ബംഗാളിന്റെയും അഭിഭാഷകര്‍ ചര്‍ച്ചചെയ്ത് കോടതി പരിഗണിക്കേണ്ട വിഷയത്തെ സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.