ചൂരൽമലയിൽ ഹെലികോപ്റ്ററെത്തി; പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നു

മേപ്പാടി (വയനാട്): ഉരുൾപ്പൊട്ടലുണ്ടായ  വയനാട് ചൂരൽമലയിൽ രക്ഷാദൗത്യത്തിനായി വീണ്ടും ഹെലികോപ്റ്റർ  എത്തി. ഇവിടെ നിന്ന് പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ കയറ്റി ആശുപത്രിയിൽ നേരിട്ട് എത്തിക്കുമെന്നാണ് വിവരം. പരിക്കേറ്റ അഞ്ചോളം…

By :  Editor
Update: 2024-07-30 07:11 GMT

മേപ്പാടി (വയനാട്): ഉരുൾപ്പൊട്ടലുണ്ടായ വയനാട് ചൂരൽമലയിൽ രക്ഷാദൗത്യത്തിനായി വീണ്ടും ഹെലികോപ്റ്റർ എത്തി. ഇവിടെ നിന്ന് പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ കയറ്റി ആശുപത്രിയിൽ നേരിട്ട് എത്തിക്കുമെന്നാണ് വിവരം. പരിക്കേറ്റ അഞ്ചോളം പേരെ നിലവിൽ ഹെലികോപ്റ്ററിൽ കയറ്റി. കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെ സൈന്യം താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ ആളുകളെ പുറത്തേക്ക് എത്തിച്ചുതുടങ്ങി.

തേസമയം ദുരന്തത്തിൽ ഇതുവരെ 106 പേർ മരിച്ചതായി വിവരം. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നും 18 മൃതദേഹങ്ങൾ വിട്ടുനൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. 128 പേർ പരുക്കേറ്റ് ചികിത്സയിലുണ്ട്. എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനാകുന്നത്. ചൂരൽമലയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും. ചൂരൽമലയിൽ മന്ത്രിമാരുടെ സംഘവും രക്ഷാപ്രവർത്തകസംഘവും തമ്മിൽ ചർച്ച നടത്തി. മന്ത്രിമാരായ കെ.രാജൻ, ഒ.ആർ.കേളു, പി.എ.മുഹമ്മദ് റിയാസ്, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

രക്ഷാപ്രവർത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘമാണ് ചൂരൽമലയിലെത്തിയത്. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബെംഗളൂരുവിൽനിന്ന് സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടിൽ എത്തും. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Tags:    

Similar News