ആഗസ്റ്റ് 14 മുതല്‍ ഓണചന്തകള്‍ ആരംഭിക്കും

ഓണക്കാലത്ത് വില നിലവാരം പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി വിപണിയില്‍ സഹകരണ മേഖല ശക്തമായി ഇടപെടുന്നു. കണ്‍സ്യൂമര്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി…

;

By :  Editor
Update: 2018-08-02 05:49 GMT

ഓണക്കാലത്ത് വില നിലവാരം പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി വിപണിയില്‍ സഹകരണ മേഖല ശക്തമായി ഇടപെടുന്നു. കണ്‍സ്യൂമര്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ആഗസ്റ്റ് 14 ചൊവ്വാഴ്ച മുതല്‍ ഓണചന്തകള്‍ ആരംഭിക്കും. ആഗസ്റ്റ് 24 വരെ 10 ദിവസം കേരളത്തിന്റെ നഗര ഗ്രാമപ്രദേശങ്ങളില്‍ ഓണചന്തകള്‍ പ്രവര്‍ത്തിക്കും.

കണ്‍സ്യൂമര്‍ ഫെഡറേഷന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍, സഹകരണസംഘങ്ങള്‍ നടത്തുന്ന നീതി സ്റ്റോറുകള്‍, ഫിഷര്‍മാന്‍ സഹകരണസംഘങ്ങള്‍, വനിത സഹകരണസംഘം, എസ്.സിഎസ്.ടി സഹകരണസംഘം, ജില്ലാ കണ്‍സ്യൂമര്‍ സഹകരണ സ്റ്റോര്‍, എംപ്ലോയീസ് സഹകരണസംഘങ്ങള്‍, കാര്‍ഷിക സഹകരണസംഘങ്ങള്‍, കണ്‍സ്യൂമര്‍ സൊസൈറ്റികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് 3500 വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പൊതുവിപണയില്‍ നിലവിലുള്ള വിലയേക്കാള്‍ ഏറ്റവും കുറഞ്ഞത് 750 രൂപ മുതല്‍ 900 രൂപ വരെ വിലക്കുറവില്‍ തെരഞ്ഞെടുക്കപ്പെട്ട 41 ഇനം സാധനങ്ങള്‍ ഓണച്ചന്തകളില്‍ ലഭ്യമാകുന്നതാണെന്ന് മന്ത്രി പറഞ്ഞു. വിലക്കുറവില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.

ഈ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ലാബുകളില്‍ നടത്തുമെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സബ്‌സിഡി നിരക്കില്‍ അരി ജയ, അരി കുറുവ, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി തുടങ്ങിയ 13 ഇനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണചന്തകളില്‍ ലഭ്യമാക്കും. സബ് സിഡി ഇനങ്ങള്‍ കൂടാതെ, ഓണം, ബക്രീദ് ഉത്സവക്കാലത്ത് ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള 13 ഇനങ്ങള്‍ കൂടി മാര്‍ക്കറ്റ് വിലയേക്കാള്‍ ഗണ്യമായ കുറവില്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

പായസം, ആട്ട, മൈദ, എന്നിവയും കറികള്‍ക്കാവശ്യമായ മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നീ തുടങ്ങിയ ഇനങ്ങളും ഓണചന്തയില്‍ ലഭ്യമാകും. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണില്‍ നിന്നും എം.ആര്‍.പിയേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നതാണ്.

സഹകരണ സംഘങ്ങള്‍ക്ക് അവ ഓണ വിപണികളിലൂടെ വില്‍പ്പന നടത്താവുന്നതാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓണവിപണിയുടെ പ്രവര്‍ത്തനം ലഭ്യമാകുന്ന തരത്തിലാണ് സംഘങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

2018ലെ ഓണം കണ്‍സ്യൂമര്‍ഫെഡിനൊപ്പം എന്ന മുദ്രാവാക്യവുമായി വിലക്കയറ്റത്തിന് തടയിടുന്നതിനും ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും കണ്‍സ്യൂമര്‍ഫെഡും സഹകരണമേഖലയും സജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Tags:    

Similar News