പച്ചക്കറിക്കൃഷിക്ക് നല്ലത് കുമ്മായമോ ഡോളോമേറ്റോ...അറിയാം

Update: 2024-10-17 00:34 GMT

മിക്ക കര്‍ഷകര്‍ക്കുമുള്ള സംശയമാണ് കുമ്മായമാണോ ഡോളോമേറ്റാണോ മികച്ചതെന്ന്.. ഒന്നു നല്ലതെന്നും മറ്റൊന്നു മോശമാണെന്നും പറയാന്‍ പറ്റില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. മണ്ണ് പരിശോധന നടത്തി കൃത്യമായി ഉപയോഗിക്കണമെന്നു മാത്രം. മണ്ണിന്റെ അമ്ലസ്വഭാവം കുറയ്ക്കാനാണ് ഇവ ചേര്‍ക്കുന്നത്. രണ്ടും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.


A. കുമ്മായം ചേര്‍ത്ത് രണ്ടാഴ്ച അതായത് 15 ദിവസം കഴിഞ്ഞേ കൃഷി തുടങ്ങാവൂ. കുഴി, തടം എന്നിവയൊക്കെ ഒരുക്കി കുമ്മായമിട്ടു നല്ല പോലെ വെയില്‍ കൊണ്ട ശേഷമേ തൈകള്‍ നടാന്‍ പാടുള്ളൂ. എന്നാല്‍ ഡോളോമേറ്റിട്ടാല്‍ ഉടന്‍ തന്നെ കൃഷിയും തുടങ്ങാം, ഇത് കുമ്മായം പോലെ ചൂട് പുറം തള്ളുന്നില്ല. ഡോളോമേറ്റാണെങ്കിലും കുമ്മായമാണെങ്കിലും മറ്റു കുമ്മായ വസ്തുക്കളാണെങ്കിലും മണ്ണില്‍ അവ ലയിച്ച് ചേര്‍ന്ന് ph വ്യത്യാസം നിയന്ത്രിച്ചു കൃഷി യോഗ്യമാക്കാന്‍ രണ്ട് ആഴ്ച വരെ സമയമെടുക്കും.

B. കുമ്മായമുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം, ശാസ്ത്രീയമല്ലാത്ത ഉപയോഗം ചെടികള്‍ നശിക്കാന്‍ വരെ കാരണമാകും. മണ്ണിലുള്ള സൂക്ഷ്മാണുക്കള്‍ നശിച്ചു പോകാന്‍ കുമ്മായം കാരണമാകും. സൂക്ഷ്മാണുക്കള്‍ മിത്രങ്ങളോ ശത്രുക്കളോ എന്ന് കുമ്മയം പരിഗണിക്കില്ല. എന്നാല്‍ ഡോളോമേറ്റ് സൂക്ഷ്മാണുക്കളെ നശിപ്പിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മിക്ക സസ്യങ്ങളും അല്‍പം അമ്ലത ഇഷ്ടപ്പെടുന്നു. അതായത് pH 6.4 - 6.8. pH 7 ന്യൂട്രല്‍ ലെവലാണ്. കുമ്മായം അധികമായാല്‍ pH (Power of hydrogen) 10നു മുകളില്‍ വരെ പോയെന്നിരിക്കും. ഇത് കൃഷിക്ക് തിരിച്ചടിയുണ്ടാക്കും.

C. രാസവള പ്രയോഗം നടത്തിയ ശേഷം ഉടനേ കുമ്മായം ചേര്‍ക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ കുമ്മായം വളവുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന അമോണിയ സസ്യങ്ങളെ ദോഷകരമായി ബാധിക്കും. 10 ദിവസം കഴിഞ്ഞെ വളം ചേര്‍ക്കാന്‍ പാടുള്ളൂ. ഡോണോമൈറ്റ് അണുക്കളെ നശിപ്പിക്കില്ല, ഇതിനാല്‍ സ്യൂഡോമോണസ് പോലുള്ളവ ചേര്‍ക്കാം.

D. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോഴും കുമ്മായവും ഡോളോമേറ്റും നിര്‍ബന്ധമാണ്. ഒരു ഗ്രോബാഗില്‍ ഒരു സ്പൂണ്‍ കുമ്മായം ചേര്‍ത്താല്‍ മതി. കുമ്മായം ചേര്‍ക്കുമ്പോള്‍ മണ്ണിന് ഈര്‍പ്പം ഉണ്ടായിരിക്കണം. എന്നാല്‍ ഡോളോമേറ്റ് ഒരു പിടി ചേര്‍ക്കാം. മറ്റു മിശ്രിതങ്ങളുമായി ഇവ നന്നായി ഇളക്കി ചേര്‍ക്കണം.

E. ഡോളോമൈറ്റില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കൂടുതലാണ്. അപ്പോള്‍ മഗ്‌നീഷ്യം ആവശ്യമായുള്ള സമയത്ത് ഡോളോമൈറ്റാണ് കുമ്മായത്തേക്കാള്‍ നല്ലത്. ഡോളോമൈറ്റില്‍ കാത്സ്യത്തിന്റെ അളവും കൂടുതലാണ്.ഇതിനാല്‍ കേരളത്തിലെ നിലവിലെ അവസ്ഥയില്‍ ഡോളോമേറ്റാണ് പ്രയോഗിക്കാന്‍ നല്ലത്.

Tags:    

Similar News