ബിജെപിയുടെ റിട്ടയർമെന്റ് നിയമം മോദിക്ക് ബാധകമല്ലേ? മോഹൻ ഭാഗവതിനോട് 5 ചോദ്യങ്ങൾ ഉന്നയിച്ച് കേജ്‌രിവാൾ

Update: 2024-09-25 18:43 GMT

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കത്തയച്ച് എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ദേശീയ ഏജൻസികളെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള തന്റെ ആശങ്കകളാണ് കത്തിൽ കേജ്‌രിവാൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രധാനമായും 5 ചോദ്യങ്ങളാണ് കത്തിൽ കേജ്‌രിവാൾ ആർഎസ്എസ് മേധാവിയോട് ചോദിച്ചിട്ടുള്ളത്.

എതിർ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്കെതിരെ ഇഡി-സിബിഐ നടപടിയെടുക്കുമെന്ന് അവരെ ഭീഷണിപ്പെടുത്തിയും പലതും വാഗ്‌ദാനം ചെയ്ത് സർക്കാരുകളെ അട്ടിമറിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഇങ്ങനെ താഴെയിറക്കുന്നത് ശരിയാണോ? സത്യസന്ധമല്ലാതെ ഏതെങ്കിലും വിധത്തിൽ അധികാരം നേടുന്നത് നിങ്ങളോ ആർഎസ്എസോ അംഗീകരിക്കുന്നുണ്ടോ? എന്നാണ് കേജ്‌രിവാളിന്റെ ആദ്യ ചോദ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അഴിമതിക്കാരെന്ന് വിളിച്ച മറ്റ് പാർട്ടികളിലെ പല നേതാക്കളെയും അവർ തന്നെ പാർട്ടിയിൽ ചേർത്തു. നിങ്ങളോ ആർഎസ്എസുകാരോ ഇങ്ങനെയൊരു ബിജെപിയെ സങ്കൽപ്പിച്ചോ? ഇതൊക്കെ കാണുമ്പോൾ വേദന തോന്നുന്നില്ലേ? എന്നായിരുന്നു കേജ്‌രിവാളിന്റെ രണ്ടാമത്തെ ചോദ്യം. ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നിങ്ങൾ എപ്പോഴെങ്കിലും പ്രധാനമന്ത്രിയെ തടഞ്ഞിട്ടുണ്ടോ എന്നും കേജ്‌രിവാൾ മൂന്നാമതായി ചോദിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് ആർഎസ്എസിന്റെ പിന്തുണ ആവശ്യമില്ലെന്നാണ് ജെപി.നദ്ദ പറഞ്ഞത്. നദ്ദയുടെ ഈ പ്രസ്താവന ഓരോ ആർഎസ്എസ് പ്രവർത്തകനെയും വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഈ പ്രസ്താവന നിങ്ങളുടെ ഹൃദയത്തെ വേദനിപ്പിച്ചോ എന്നറിയാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നായിരുന്നു കേജ്‌രിവാളിന്റെ നാലാമത്തെ ചോദ്യം.

അവസാനമായി ബിജെപിയിലെ റിട്ടയർമെന്റ് നിയമത്തെക്കുറിച്ചാണ് കേജ്‌രിവാൾ ചോദിച്ചത്. 75 വയസ് കഴിഞ്ഞാൽ നേതാക്കൾ പാർട്ടിയിൽനിന്നും വിരമിക്കണമെന്ന നിയമം ബിജെപിയിൽ നിലനിൽക്കുന്നുണ്ട്. ഈ കാരണത്താൽ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, ശാന്ത കുമാർ തുടങ്ങിയ മുതിർന്ന നേതാക്കളെയും മാറ്റിനിർത്തി. ഈ നിയമം മോദിക്ക് ബാധകമല്ലെന്നാണ് ഇപ്പോൾ അമിത് ഷാ പറയുന്നത്. അദ്വാനിക്ക് ബാധകമായ നിയമം ഇപ്പോൾ മോദിക്ക് ബാധകമല്ലെന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ? നിയമം എല്ലാവർക്കും ഒരുപോലെയല്ലേ? കേജ്‌രിവാൾ ചോദിച്ചു.

ഭാഗവത് തന്റെ ആശങ്കകൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തിൽ ഉന്നയിച്ച ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ മറ്റുള്ളവരോടും ആവശ്യപ്പെടുമെന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് കേജ്‌രിവാൾ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News