ഇരുമുടിക്കെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ ഒഴിവാക്കണം, പ്ലാസ്റ്റിക്കും വേണ്ട; മാർഗനിർദ്ദേശങ്ങളുമായി തന്ത്രി

Update: 2024-11-06 14:26 GMT

അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ നിന്ന് അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രി. ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ ഒഴിവാക്കണം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടിൽ എന്തൊക്കെ ഉൾപ്പെടുത്തണം, ഒഴിവാക്കണം എന്നത് സംബന്ധിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് കത്ത് നൽകി. ദേവസ്വം ബോർഡും ഈ മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചു.

ഇരുമുടിക്കെട്ടിൽ രണ്ടു ഭാഗങ്ങളാണുള്ളത്. മുൻകെട്ടിൽ ശബരിമലയിൽ സമർപ്പിക്കാനുള്ള സാധനങ്ങളും പിൻകെട്ടിൽ ഭക്ഷണപദാർത്ഥങ്ങളുമാണ്. പണ്ടൊക്കെ ഭക്തർ കാൽനടയായി വന്നപ്പോഴാണ് ഇടയ്‌ക്ക് താവളം അടിച്ച് ഭക്ഷണം ഒരുക്കാൻ അരി നാളികേരം തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടുവന്നിരുന്നത്. ഇപ്പോൾ എല്ലായിടവും ഭക്ഷണസൗകര്യം ഉള്ളതിനാൽ അതിന്റെ ആവശ്യമില്ല. പിൻകട്ടിൽ കുറച്ച് അരി കരുതിയാൽ മതി. ഇത് ശബരിമലയിൽ സമർപ്പിച്ച വെള്ള നിവേദ്യം വാങ്ങാം. മുൻകെട്ടിൽ ഉണക്കലരി, നെയ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില ,അടയ്‌ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം മതിയെന്നും തന്ത്രിയുടെ കത്തിൽ പറയുന്നു.

കെട്ടുനിറയ്‌ക്കുമ്പോൾ തന്ത്രിയുടെ നിർദ്ദേശം പാലിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലുമുളള ഗുരുസ്വാമിമാരോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇതോടൊപ്പം കേരളത്തിലെ മറ്റു ദേവസ്വം ബോർഡുകളുടെ അദ്ധ്യക്ഷന്മാർ, കമ്മീഷണർമാർ തുടങ്ങിയവരെയും തന്ത്രിയുടെ നിർദ്ദേശം അറിയിക്കും.

Tags:    

Similar News