'സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചു,ഒളിവില്‍ സഹായിച്ചു'; മകന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചെന്ന് അന്വേഷണ സംഘം
സിദ്ദിഖ് സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതറിയാനാണ് ചോദ്യം ചെയ്തതെന്നും അന്വേഷണ സംഘം പറയുന്നു
കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചതായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവില്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സിദ്ദിഖ് സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതറിയാനാണ് ചോദ്യം ചെയ്തതെന്നും അന്വേഷണ സംഘം പറയുന്നു. കസ്റ്റഡിയിലെടുത്തവരെ നോട്ടീസ് നല്‍കി വിട്ടയച്ചെങ്കിലും വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 4.15 നും 5.15 നും ഇടയില്‍ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലര്‍ച്ചെ പൊലീസ് സംഘം ഇരുവരേയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കിയിരുന്നു. സിദ്ദിഖിന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ തന്നെ വിവിധ ഇടങ്ങളിലായാണ് നടന്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പൊലീസിന്റെ നിഗമനം.