ദിവ്യയെ ഇടിച്ചുകയറി അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍; വിധി കേസിന്റെ അവസാനമല്ലെന്നും വാദം

Update: 2024-10-29 07:53 GMT

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യം തള്ളിയ തലശ്ശേരി സെഷന്‍സ് കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ.വിശ്വന്‍. വിധി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും.

ഹര്‍ജിക്കാരിയുടെ വാദങ്ങള്‍ കോടതി മുന്‍പാകെ പറഞ്ഞിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കും എന്ന നിലപാടാണ് ആദ്യം തന്നെ പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഹര്‍ജിക്കാരി എടുത്തത്. – വിശ്വന്‍ പറഞ്ഞു.

“മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകും. ദിവ്യയെ ഇടിച്ചുകയറി അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. അവര്‍ ഒരു സ്ത്രീയാണ്. പാര്‍ട്ടിയാണോ തന്നെ കേസ് ഏല്‍പ്പിച്ചതെന്ന് വേണമെങ്കില്‍ മാധ്യമങ്ങള്‍ക്ക് വ്യാഖ്യാനിക്കാം. ഈ വിധി കേസിന്റെ അവസാനമല്ല.” വിശ്വന്‍ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്ക് ജാമ്യം നിഷേധിച്ച വിധിയില്‍ പ്രതികരണവുമായി നവീന്‍ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയയുദ്ധമല്ല ഞങ്ങള്‍ നടത്തിയത്. നിയമയുദ്ധം മാത്രമാണ് ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. സിപിഎമ്മിനോട് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല- നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. ഞങ്ങളുടെ ജീവിതം തകര്‍ത്ത പ്രതിയെ അറസ്റ്റ് ചെയ്യണം. കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കണം. യോഗത്തില്‍ കലക്ടര്‍ ഇടപെടേണ്ടിയിരുന്നു. അദ്ദേഹമായിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍. – മഞ്ജുഷ പറഞ്ഞു.

Full View

എഡിഎമ്മിന്‍റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. പി.ദിവ്യക്ക് മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ചാണ് വിധി വന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യഹര്‍ജി തള്ളി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദത്തിനു ശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്. പ്രോസിക്യൂഷന് പുറമേ നവീന്‍ ബാബുവിന്റെ കുടുംബം കൂടി കക്ഷി ചേര്‍ന്നിരുന്നു. മൂന്ന് വാദവും കേട്ട ശേഷമാണ് വിധി പറയാന്‍ മാറ്റിയത്.

Tags:    

Similar News