അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ

ഷിരൂരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്

Update: 2024-09-23 09:56 GMT

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തി. ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.


പുഴയില്‍നിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. അര്‍ജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തിയത്. കന്യാകുമാരി-പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടില്‍ അങ്കോലയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്. ജൂലൈ 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരൂ. അസ്ഥിഭാഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. ഷിരൂരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ടാങ്കര്‍ ലോറിയുടെ എന്‍ജിന്റെ ഭാഗവും ഒരു സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.


Tags:    

Similar News