‘ലോറിയും തടിയും മുബീന്റേത്; ലോറിയുടെ ഉടമ മനാഫ് ആണെന്ന് പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ല - അർജുന്റെ സഹോദരി

Update: 2024-10-02 15:02 GMT

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിൽ ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീനാണെന്ന് അർജുന്റെ സഹോദരി അഞ്ജു. അർജുന്റെ പേരിൽ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിനെ കൂട്ടാനാണ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചതിനു പിന്നാലെ ‘മനോരമ ഓൺലൈനോട്’ പ്രതികരിക്കുകയായിരുന്നു സഹോദരി . 

‘ലോറിയും അതിലുണ്ടായിരുന്ന തടിയും മുബീന്റേതാണ്. അർജുനെ കാണാതായതു മുതൽ ഞങ്ങളുടെ കുടുംബാംഗങ്ങളും മുബീനുമാണ് ഷിരൂരിൽ ഉണ്ടായിരുന്നത്. പത്തൊൻപതാം തീയതിയാണ് മനാഫ് അവിടെയെത്തിയത്. ലോറിയുടെ ഉടമ മനാഫ് ആണെന്ന് പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ല. മുബീനും മനാഫും സഹോദരങ്ങളായതു കൊണ്ടായിരിക്കാം. നിരവധിപ്പേർ സഹായങ്ങളുമായി മനാഫിനെ സമീപിച്ചു. മനാഫ് പണം വാങ്ങാൻ തുടങ്ങിയത് വലിയ വേദനയുണ്ടാക്കി. അർജുന്റെ കുടുംബത്തെ ഒന്നിനും കൊള്ളില്ല എന്ന തോന്നലുണ്ടാക്കി.

അർജുനെ ഉപയോഗിക്കുകയായിരുന്നു മനാഫ്. ഈശ്വർ മാൽപെയെ കൊണ്ടുവന്നത് കാർവാർ എംഎൽഎ സതീഷ് സെയിലാണ്. ആദ്യഘട്ടത്തിൽ നല്ല രീതിയിൽ തിരച്ചിൽ നടത്തി. എന്നാൽ പിന്നീട് തിരച്ചിൽ യുട്യൂബ് വ്യൂവേഴ്സിന്റെ എണ്ണം കൂട്ടാൻ വേണ്ടിയുള്ള തരത്തിലേക്കായി. എന്നാൽ മുബീൻ എപ്പോഴും ഞങ്ങളുടെ കുടുംബത്തിനൊപ്പം നിന്നു. വീട്ടിൽ വന്ന് കാര്യങ്ങൾ സംസാരിച്ചിരുന്നു. എന്തുപറഞ്ഞാലും ലോകം അംഗീകരിക്കില്ല എന്നറിയാം. ഒരുപാട് നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. എന്നാൽ സത്യം പറയുക മാത്രമാണ് ഞങ്ങൾ ചെയ്തത്’’– അഞ്ജു പറഞ്ഞു.

അർജുനു വേണ്ടി തിരച്ചിൽ നടത്തിയതിന്റെ പേരിൽ മനാഫിന് സമൂഹമാധ്യമങ്ങളിലടക്കം അഭിനന്ദനങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയത്. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരൻ അഭിജിത്, സഹോദരി അഞ്ജു, സഹോദരീഭർത്താവ് ജിതിൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

Full View

അർജുനുമായി ബന്ധപ്പെട്ട് യുട്യൂബിൽ മനാഫ് ദിവസവും മൂന്നും നാലും വിഡിയോകളാണ് ഇടുന്നത്, അർജുനെ കിട്ടിയശേഷം വിഡിയോ ഇടുന്നത് നിർത്തുമെന്ന് അറിയിച്ചെങ്കിലും തുടരുകയാണ്, അർജുന്റെ പേരിൽ പലരിൽനിന്നും പണം വാങ്ങി, ഡ്രജർ എത്തിക്കുന്നത് തടയാൻ ശ്രമിച്ചു, കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്.അതേസമയം, മനാഫ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. 

Tags:    

Similar News