തൃശൂരിൽ വൻ കവർച്ച; ഗ്യാസ് കട്ടർ ഉപയോഗിച്ച് 3 എടിഎമ്മുകൾ കൊള്ളയടിച്ചു, അരക്കോടിയിലധികം കവര്‍ന്നു
തൃശൂരില്‍ എ.ടി.എമ്മുകള്‍ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളാണ് തകര്‍ത്ത് പണം കവര്‍ന്നത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എം തകര്‍ത്തത്. മൂന്ന് എ.ടി.എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. വെള്ളക്കാറിലാണ് സംഘം എത്തിയത്.
എസ്ബിഐ എടിഎമ്മുകളാണ് കൊളളയടിച്ചത്. മോഷ്ടാക്കള്‍ എടിഎം തകര്‍ത്തതോടെ എടിഎമ്മില്‍ നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തുകയായിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിച്ചു. രാത്രി പട്രോള്‍ നടത്തുന്ന പൊലീസ് സംഘം എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു. പിന്നില്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് സംശയം.
മാപ്രാണത്തെ എടിഎമ്മാണ് ആദ്യം കവര്‍ച്ചചെയ്യപ്പെട്ടത്. ഇവിടെനിന്ന് 30 ലക്ഷം കവര്‍ന്ന മോഷ്ടാക്കള്‍ പിന്നാലെ കോലഴിയിലെത്തിയ മോഷ്ടാക്കള്‍ എടിഎം തകര്‍ത്ത് 25 ലക്ഷം കവര്‍ന്നു. കോലഴിയിലേക്കുള്ള യാത്രാമധ്യേ ഷൊര്‍ണൂര്‍ റോഡിലെ എടിഎം തകര്‍ത്ത് പത്തുലക്ഷത്തോളം കവര്‍ന്നു. മാപ്രാണത്തുനിന്ന് കോലഴിയിലേക്ക് 26 കിലോമീറ്ററാണ് ദൂരം. ഈ വഴിയിലാണ് ഷൊര്‍ണൂര്‍ റോഡ് എടിഎമ്മും സ്ഥിതി ചെയ്യുന്നത്. മോഷ്ടാക്കള്‍ക്കായി ജില്ലാ അതിര്‍ത്തികളിലടക്കം കര്‍ശന തിരച്ചില്‍ തുടരുകയാണ്.