'സമുദായത്തിന് വഖഫ്‌ സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ'; നിലപാടുമായി കാന്തപുരം വിഭാഗം മുഖപത്രം

സമുദായത്തിന് അവരുടെ വഖഫ്‌ സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ എന്നാണ് ലേഖനം പറയുന്നത്

Update: 2024-11-17 06:01 GMT

കോഴിക്കോട്: മുനമ്പത്ത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തിപ്പടരുന്നതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കാന്തപുരം വിഭാഗവും. കൊച്ചി മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന്‌ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജിലെ ലേഖനത്തില്‍ പറയുന്നു. വഖഫ്‌ വിവാദം തീരാന്‍ ഒറ്റ വഴിയേയുള്ളൂയെന്നും അത് വഖഫ്‌ എന്ന പൊതുസ്വത്ത് വിറ്റ് കാശാക്കിയവരില്‍ നിന്ന് പണം തിരിച്ചു പിടിക്കുക എന്നതാണെന്നും എ.പി സുന്നി വിഭാഗം എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഒ.എം. തരുവണ എഴുതിയ ലേഖനത്തില്‍ പറയുന്നു. സമുദായത്തിന് അവരുടെ വഖഫ്‌ സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ എന്നാണ് ലേഖനം പറയുന്നത്.

മുനമ്പവും ചാവക്കാട്ടും തലപ്പുഴയും മാത്രമല്ല, സംസ്ഥാനത്തുടനീളം വഖഫ്‌ സ്വത്തുക്കള്‍ കള്ളക്കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് ലേഖനത്തില്‍ പറയുന്നത്. അവ മുഴുവന്‍ തിരഞ്ഞു പിടിച്ച് വീണ്ടെടുക്കണം. അതിന് സമഗ്രമായ അന്വേഷണവും നടപടികളും വേണം. വഖഫ്‌ സ്വത്ത് വിറ്റ് കാശാക്കിയവരാണ് ഈ വിവാദത്തിലെ ശരിയായ പ്രതികള്‍. വഖഫ്‌ സ്വത്താണെന്നറിയാതെ നല്ല കാശ് കൊടുത്തു വാങ്ങി കബളിപ്പിക്കപ്പെട്ട നിരപരാധികളെ തിരിച്ചുപിടിക്കുന്ന പണം ഉപയോഗിച്ച് മാന്യമായി പുനരധിവസിപ്പിക്കണം. പുനരധിവസിപ്പിക്കാന്‍ പഴയ തീരുവില മതിയാകില്ലാത്തതിനാല്‍ അന്തസ്സായ പുനരധിവാസത്തിന് ആവശ്യമായതെത്രയാണോ അത്രയും അപഹര്‍ത്താക്കളില്‍ നിന്ന് ഈടാക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

രാജ്യത്തെ നിയമമനുസരിച്ചും ഇസ്ലാമിക നിയമമനുസരിച്ചും വഖഫ്‌ സ്വത്തുക്കള്‍ വില്‍ക്കാനോ അനന്തരമെടുക്കാനോ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. കുറ്റം ചെയ്തവരില്‍ നിന്ന് തിരിച്ചുപിടിച്ചാല്‍ മാത്രം പോര. കുറ്റം ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യുകയും വേണം. വഖഫ്‌ ബോര്‍ഡിന്റെ രേഖകളില്‍ വഖഫായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഒരു ഭൂമിയുടെ പേരിലും ബോര്‍ഡ് നോട്ടീസ് അയക്കില്ല. വഖഫ്‌ ഭൂമിയുടെ ആധാരവും കൊണ്ട് രജിസ്ട്രാഫീസില്‍ ചെന്നാല്‍ ഒരു രജിസ്ട്രാറും വില്‍പ്പനാധാരം ചെയ്തു കൊടുക്കുകയുമില്ല.

ഇരകള്‍ക്ക് നീതി കിട്ടിയേ പറ്റൂയെന്നും അതേസമയം സമുദായത്തിന് അവരുടെ വഖഫ്‌ സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂയെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. വഖഫ്‌ വിറ്റുതുലച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇരകളെ മാന്യമായി പുനരധിവസിപ്പിക്കാന്‍ മതിയായ തുക ഇവരില്‍ നിന്ന് പിടിച്ചെടുക്കണം. അതിനു കഴിയാതെ വന്നാല്‍ നിരപരാധികളെ സമുദായം സ്വന്തം ചെലവില്‍ പുനരധിവസിപ്പിക്കണമെന്നും വഖഫ്‌ ഭൂമി തിരിച്ചുകിട്ടണം; ഇരകള്‍ക്ക് നീതിയും എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഒഎം തരുവണ പറയുന്നു.


Tags:    

Similar News