മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം- DGPക്ക് പരാതിയുമായി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും

മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദുപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് എന്ന് പരാതിയില്‍ പറയുന്നു

Update: 2024-10-02 10:10 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദുപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് എന്ന് പരാതിയില്‍ പറയുന്നു.

അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തന്റേതല്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മുന്നോട്ടുവരികയും അദ്ദേഹം പറയാത്ത കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഹിന്ദു പത്രം വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഭിമുഖം ഏര്‍പ്പാടാക്കിയ കൈസന്‍ പി.ആര്‍. ഏജന്‍സി എം.ഡി., ഹിന്ദു പത്രം എഡിറ്റര്‍, ഹിന്ദു പത്രം ഡെപ്യൂട്ടി എഡിറ്റര്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കണം എന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ അഭിമുഖം സംസ്ഥാനത്ത് ഉടനീളം പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ഈ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ക്കും അക്രമങ്ങള്‍ക്കും കാരണക്കാരായ മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനും പി.ആര്‍. ഏജന്‍സിക്കുമെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിന്‍ വര്‍ക്കി പരാതി നല്‍കിയിരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗമായ മുസ്ലിങ്ങള്‍ കൂടുതലുള്ള ജില്ലയാണ് മലപ്പുറം. ജില്ലക്കെതിരായും ന്യൂനപക്ഷങ്ങള്‍ക്കെതിരായും നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു പി.ആര്‍. ഏജന്‍സിയുടെ സഹായത്തോടെ കേരളത്തില്‍ വിദ്വേഷപ്രചാരണം നടത്തി വര്‍ഗീയധ്രുവീകരണത്തിനാണോ ശ്രമിക്കുന്നത് എന്ന സംശയമുണ്ടെന്ന് കാണിച്ചാണ് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പരാതി നല്‍കിയിരിക്കുന്നത്.

Tags:    

Similar News