പനി ബാധിച്ച് 5 മാസം ഗര്‍ഭിണിയായ വിദ്യാര്‍ഥി മരിച്ച സംഭവം; സഹപാഠിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും

ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്

Update: 2024-11-27 06:13 GMT

അടൂര്‍: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിളുകള്‍ പരിശോധിക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ വിദ്യാര്‍ഥി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ 17-ാകരന്റെ രക്തസാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള അന്വേഷണത്തിലാണ് നിലവില്‍ പോലീസ്. അതിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. പിന്നീട് പോക്‌സോ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു.

മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിക്കുന്നത്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്.

Tags:    

Similar News