ഇ.പി. ജയരാജന്റെ പരാതിയില്‍ അന്വേഷണം, എ.ഡി.ജി.പിക്ക് കൈമാറി

തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ഇ.പി. ജയരാജൻ ഇ-മെയില്‍ വഴി ബുധനാഴ്ച നല്‍കിയ പരാതിയില്‍ പറയുന്നത്

Update: 2024-11-14 07:39 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പുദിനത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ആത്മകഥാ വിവാദത്തില്‍ ഇ.പി. ജയരാജന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം. ഡി.ജി.പിക്കു നൽകിയ പരാതി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്. തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ഇ.പി. ജയരാജൻ ഇ-മെയില്‍ വഴി ബുധനാഴ്ച നല്‍കിയ പരാതിയില്‍ പറയുന്നത്.

വിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഇ.പി. ജയരാജന്‍ ഡിസി ബുക്ക്‌സിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകന്‍ കെ. വിശ്വന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്. ആത്മകഥ ആര്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കണമെന്ന ആലോചനയ്ക്കിടെ, സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്റെ കക്ഷിയെ തേജോവധംചെയ്യാനും ഉദ്ദേശിച്ചാണ് ഡി.സി. ബുക്‌സ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. ഡി.സി. ബുക്‌സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥാഭാഗങ്ങളും പിന്‍വലിച്ച് നിര്‍വ്യാജം ഖേദപ്രകടനം നടത്തണമെന്നും ആവശ്യമുണ്ട്.

ഈ വിഷയത്തില്‍ ഇനി വ്യക്തതവരുത്തേണ്ടത് ഡിസി ബുക്ക്‌സാണ്. ആത്മകഥാ വിവാദത്തില്‍ വക്കീല്‍ നോട്ടീസ് ലഭിച്ചതിനാല്‍ അതിനുള്ള മറുപടി ഡിസി ബുക്ക്‌സിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. എന്നാല്‍, പാര്‍ട്ടി ഈ വിഷയത്തില്‍ എന്തു വിശദീകരണമാണ് ഇ.പിയില്‍നിന്ന് ആവശ്യപ്പെടുക എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എല്ലാ വെള്ളിയാഴ്ചകളിലും ചേരുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെയാണ്. ഇ.പിയും കൂടി പങ്കെടുക്കുന്ന യോഗമായതിനാല്‍ അതില്‍ ഇതു സംബന്ധിച്ച വിശദീകരണം പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടേക്കാം.

എങ്കിലും വിശദീകരണം തൃപ്തികരമല്ലെങ്കിലും അദ്ദേഹത്തിനെതിരേ ഉടന്‍ നടപടി ഉണ്ടായേക്കില്ല. സംഘടനയുടെ സംവിധാനം അനുസരിച്ച് ഇപ്പോള്‍ പാര്‍ട്ടി സമ്മേളനകാലയളവാണ്. ഏരിയ സമ്മേളനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ശേഷം ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനവും നടക്കും. അതിനു ശേഷം മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനും ശേഷമേ ഇ.പി. ജയരാജനെതിരേ നടപടി ഉണ്ടാകാനുള്ള സാധ്യതയുള്ളൂ. അതിനു മുമ്പ് വിശദീകരണം തേടി നടപടിയെടുക്കുന്ന പതിവ്‌ സംഘടനാ സംവിധാനത്തിനില്ല.

ഇ.പി. നേരത്തേ നല്‍കിയ വിശദീകരണം മുഖവിലയ്ക്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം വിഷയം പാര്‍ട്ടി പരിശോധിക്കുമെന്നാണ് സൂചന. ആത്മകഥാ വിവാദത്തില്‍ ബുധനാഴ്ച ഇ.പിയെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്നില്ല എന്നാണ് സൂചനകള്‍.


Tags:    

Similar News