മുസ്ലീം വോട്ടുകൾ പോകുമെന്ന ഭയമോ ? മുനമ്പത്ത് 610 കുടുംബങ്ങളുടെ സ്വത്തിന് വഖഫ് അവകാശവാദം ഉന്നയിച്ച സംഭവം; വാ തുറക്കാതെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
തിരുവനന്തപുരം: ജനകീയ സമരമുഖത്തും മത പ്രീണനവുമായി ഇടത്-വലത് മുന്നണികൾ. വഖഫ് അധിനിവേശ വിരുദ്ധ സമരത്തോടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുഖം തിരിച്ച് നിൽക്കുന്നത്. കിടപ്പാടം സംരക്ഷിക്കാൻ മുനമ്പം- ചെറായി നിവാസികൾ നടത്തുന്ന റിലേ നിരാഹാര സമര പന്തലിലെത്താനോ ജനകീയ സമരത്തിന് പിന്തുണ നൽകാനോ പ്രതിപക്ഷ നേതാവ് വി. ഡി സതീശനും ഇതുവരെ തയ്യാറായിട്ടില്ല.
വഖഫ് ബോർഡിനെതിരായ പരസ്യ നിലപാട് മുസ്ലീം സംഘടനകളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തുമെന്നതാണ് ഇടതു-വലതു മുന്നണികളുടെ മൗനത്തിന് കാരണം.ക്രൈസ്തവ-ഹൈന്ദവ സംഘടനകളും ബിജെപിയും മാത്രമാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞാഴ്ചയാണ് വഖഫ് ബോര്‍ഡിന്റെ അധിനിവേശത്തിനെതിരെ ഭൂസംരക്ഷണ സമിതി മുനമ്പത്ത് ഉപവാസ സമരം ആരംഭിച്ചത്. സമരം ശക്തിയാർജ്ജിക്കുമ്പോഴും എന്തെങ്കിലും പ്രതികണത്തിന് മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇതുവരെ തയ്യാറായിട്ടില്ല. ഗുരുതരമായ വിഷയം നിയമസഭയിൽ ഇത് ഉയർത്താനുള്ള ആർജ്ജവവും ഇടത്-വലത് മുന്നണികൾക്കില്ലെന്നാണ് യാഥാർത്ഥ്യം. മാത്രമല്ല കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന നിലപാടാണ് ഇടത്- വലത് മുന്നണികൾ സ്വീകരിച്ചത്.
വഫഖ് ബില്ലിൽ ആശങ്കയുണ്ടെന്നായിരുന്ന സർക്കാർ കേന്ദ്രസർക്കാറിനെ അറിയിച്ചത്. ഇടത്-വലത് മുന്നണികളുടെ ഒളിച്ചുകളി വ്യക്തമായതോടെ വഖഫ് ഭേദഗതി ബില്ലിൽ മാത്രമാണ് തീരദേശ ജനതയുടെ പ്രതീക്ഷ.
മുനമ്പം- ചെറായി മേഖലയിലെ മത്സ്യത്തൊഴിലാളികൾ വിലകൊടുത്ത് വാങ്ങിയ ഭൂമി വഖഫ് സ്വത്താണെന്നാണ് വഖഫ് ബോർഡിന്റെ അവകാശ വാദം. ആദ്യം വഖഫ് ഭൂസംരക്ഷണ സമിതി ഉയർത്തി കൊണ്ടുവന്ന അവകാശവാദം പിന്നീട് വഫഖ് ബോർഡ് ഏറ്റുപിടിക്കുകയുമായിരുന്നു.
പ്രദേശത്തെ 440 ഓളം എക്കർ സ്ഥലത്തിനാണ് വഖഫ് അവകാശം ഉന്നയിച്ചിരിക്കുന്നത്. വിലയാധരം ചെയ്ത് കരമടച്ച് താമസിച്ചിരുന്ന 610 കുടുംബങ്ങളെയാണ് വഖഫ് ബോർഡ് വഴിയാധാരമാക്കാൻ ശ്രമിക്കുന്നത്.
എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട 600ൽപ്പരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വർഷത്തോളമായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങൾ.
ഈ ഭൂമി വഖഫ് ബോർഡിന്‍റെ രേഖകളിൽ ഉൾപ്പെട്ടതിനാലും, കേസുകൾ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണെടുക്കാനോ ഉടമസ്ഥർക്ക് കഴിയുന്നില്ല. വലിയ പണം മുടക്കി ഹൈക്കോടതിയിൽ കേസ് നടത്തേണ്ടിവരുന്നത് നിർധനരായ മുനമ്പം നിവാസികൾക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. മറുപക്ഷം അതിശക്തരായതിനാലും വഖഫ് നിയമവും വഖഫ് ബോർഡും അവർക്ക് പിന്തുണയായുണ്ട് എന്നതിനാലും കേസിന്‍റെ ഭാവിയെക്കുറിച്ച് അവർക്ക് വലിയ ആശങ്കകളുണ്ട്. എന്നാൽ, ഇപ്പോൾ കേന്ദ്ര സർക്കാർ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വഖഫ് നിയമ പരിഷ്കരണത്തെ ആ നാട്ടുകാർ വലിയ പ്രതീക്ഷയോടെ കാണുന്നു.
വഖഫ് നിയമ ഭേദഗതിയെക്കുറിച്ചു മുസ്‌ലിം സംഘടനകൾ ഉന്നയിക്കുന്ന പരാതികളും പരിഭവങ്ങളും ഗവർമെന്‍റ് ഗൗരവപൂർവം പരിഗണിക്കേണ്ടത് തന്നെയാണ്. മതങ്ങൾക്കുള്ള ഭരണഘടനാനുസൃത അവകാശങ്ങളുടെ നിഷേധം ഒരിക്കലും സംഭവിക്കാൻ പാടില്ല. അതസമയം തന്നെ, മുനമ്പത്ത് സംഭവിക്കുന്നതുപ്പോലുള്ള നീക്കങ്ങൾ ഇനി ഒരിക്കലും രാജ്യത്ത് ഒരിടത്തും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഗവർമെന്‍റ് സ്വീകരിക്കണം.