വിദ്യാര്‍ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നല്‍കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം
നോട്‌സ് ഉള്‍പ്പെടെയുള്ളവ വാട്‌സ്ആപ്പില്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകള്‍ വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്നത് ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ് വിലക്കി. പഠനക്കുറിപ്പു ഉള്‍പ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസില്‍ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നു. അതുകൊണ്ട് ഈ രീതി പൂര്‍ണമായി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
ഇക്കാര്യത്തില്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഉത്തരവിട്ടു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ അവരുടെ പഠനം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നു.
എന്നാല്‍ നോട്‌സ് ഉള്‍പ്പെടെയുള്ളവ വാട്‌സ്ആപ്പില്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇപ്പോഴത്തെ നിര്‍ദേശം.