അന്‍വര്‍ മുഖ്യമന്ത്രിയെ കാണും; രേഖകൾ സഹിതം പരാതി, അന്വേഷണം ആവശ്യപ്പെടും

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ കഴിഞ്ഞ ദിവസം ഉന്നയിച്ചത്

Update: 2024-09-03 06:05 GMT

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കാണും. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് കൂടിക്കാഴ്ച്ചയ്ക്കായി അൻവറിന് മുഖ്യമന്ത്രിയുടെ ഓഫിസ് സമയം അനുവദിച്ചിട്ടുള്ളത്. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം അൻവർ ആവശ്യപ്പെടും. കൂടിക്കാഴ്ചയ്ക്കായി തിങ്കളാഴ്ച തന്നെ പി.വി.അൻവർ തിരുവനന്തപുരത്ത് എത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നാലെ എം.ആര്‍.അജിത് കുമാർ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി തിങ്കളാഴ്ച അന്വേഷണം പ്രഖ്യാപിച്ചു. ആരോപണവിധേയനായ എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.

അന്വേഷണത്തിനായി ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതലസംഘത്തെ തിങ്കളാഴ്ച രാത്രിയോടെ പ്രഖ്യാപിച്ചിരുന്നു. ആരോപണവിധേയനായ പത്തനംതിട്ട എസ്പി, എസ്.സുജിത് ദാസിനെ സ്ഥലം മാറ്റുകയും ചെയ്തു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം അന്‍വർ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം പി.വി.അൻവർ വീണ്ടും മാധ്യമങ്ങളെ കാണും.

Tags:    

Similar News