എ.ഡി.ജി.പി. അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണം; നീക്കങ്ങൾ ഇന്റലിജൻസ് നിരീക്ഷിക്കണം- പി.വി. അന്‍വർ
p v anwar press meet
മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അജിത് കുമാര്‍ ചുമതലയില്‍നിന്ന് തെറിക്കുന്നതോടെ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിയാല്‍ മാത്രം പോരെന്നും അജിത്കുമാറിന്റെ ഇനിയുള്ള നീക്കങ്ങള്‍ ഇന്റലിജന്‍സിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയമായ അട്ടിമറിക്കും ഇവര്‍ കൂട്ടുനിന്നിട്ടുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. കേരളം സത്യം അറിയാന്‍ കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിട്ട് അതിന്റെ വക്കും മൂലയുമേ കിട്ടിയിട്ടുള്ളൂ. കേരളത്തിലെ പ്രമാദമായ രാഷ്ട്രീയക്കേസുകള്‍ അല്ലെങ്കില്‍ ഒരു സര്‍ക്കാരിനെ ഒരു മുന്നണിയെ ഒരു പാര്‍ട്ടിയെ പോലും ബാധിക്കാന്‍ സാധ്യതയുള്ള കേസുകള്‍. സത്യവിരുദ്ധമായി ചില കേസുകള്‍ ക്ലോസ് ചെയ്തു. അതിന്റെ പേരിലേക്ക് കടക്കുന്നില്ല. ഇനിയും അജിത് കുമാറിനെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ താഴെയുള്ളതോ സമന്മാരോ ആയ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുമ്പോള്‍ അജിത് കുമാറിന്റെ സാന്നിധ്യം അവരുടെ ആത്മവിശ്വാസത്തിന് കുറവു വരുത്തുമെന്നാണ് താന്‍ കരുതുന്നത്, അന്‍വര്‍ പറഞ്ഞു.
ഐ.ജിക്ക് താന്‍ കൊടുത്ത മൊഴിയില്‍ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് പുറമേ ചില കാര്യങ്ങള്‍ കൂടി പറഞ്ഞിട്ടുണ്ട്. മലപ്പുറം പോലീസിലെ മോഹന്‍ദാസ് എന്നൊരു ഉദ്യോഗസ്ഥനെ കുറിച്ചുള്ള ചില സംശയങ്ങളായിരുന്നു പറഞ്ഞിരുന്നത്. അതുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചു. മോഹന്‍ദാസിനെ ഫോണ്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. മോഹന്‍ദാസ് അഞ്ചുകൊല്ലമാണ് മലപ്പുറം വിജിലന്‍സ് യൂണിറ്റിലുണ്ടായിരുന്നത്. ശേഷം മലപ്പുറം ജില്ലാ പോലീസിലേക്ക് ട്രാന്‍സ്ഫര്‍ ആയി. മലപ്പുറം ജില്ലാ പോലീസിലുണ്ടായിരുന്ന മോഹന്‍ദാസിനെ ഒരു ഉത്തരവുമില്ലാതെ എസ്. സുജിത് ദാസ് വിജിലന്‍സില്‍ നിലനിര്‍ത്തിക്കൊണ്ട് മൂന്നിലധികം വര്‍ഷം സൈബര്‍ ഇന്റര്‍സെപ്ഷന്‍ നടത്തി. മോഹന്‍ദാസിന്റെ ജോലി ജില്ലാ പോലീസിലാണ്. വിജിലന്‍സിന്റെ ഒരു ഓര്‍ഡര്‍ പോലും ഇല്ലാതെയാണ് ഈ ജോലി ചെയ്യിച്ചിട്ടുള്ളതെന്നും അന്‍വര്‍ പറഞ്ഞു.