പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു; ‘സതീശനെതിരായ ആരോപണം പി.ശശി ആവശ്യപ്പെട്ടതനുസരിച്ച്, പരസ്യമായി മാപ്പ് ചോദിക്കുന്നു’

തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്;

Update: 2025-01-13 05:08 GMT

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്.മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തിൽ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അൻവർ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തി.

പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശനാനുസരണമെന്ന് പിവി അന്‍വര്‍ പറഞ്ഞു. താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി ശശിക്കും അജിത് കുമാറിനുമെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് തന്നെ തള്ളിപ്പറയുകയായിരുന്നു. പി ശശിക്കെതിരെ നടത്തിയ പോരാട്ടം അവജ്ഞയോടെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് പങ്കുണ്ടെന്ന് മനസിലായത്. മുഖ്യമന്ത്രിക്കെതിരെ വന്നതോടെ ഇടതുനേതൃത്വം തന്നെ പാടെ ഒഴിവാക്കുകയായിരുന്നു. ഒരുപാട് പാപഭാരങ്ങള്‍ പേറിയാണ് താന്‍ നടക്കുന്നത്. പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് പി ശശിയാണ്. 150 കോടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നിട്ടുണ്ടെന്ന് പറഞ്ഞ് കൃത്യമായി ടൈപ്പ് ചെയ്തു തരികയായിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും നിയമസഭയില്‍ പ്രതിപക്ഷം ദയയില്ലാത്തവിധം ആരോപിച്ചപ്പോഴാണ് താന്‍ ഇത് ഏറ്റെടുത്തത്. അദ്ദേഹത്തിനോട് താന്‍ മാപ്പു ചോദിക്കുകയാണെന്നും വിഡി സതീശന്‍ തന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്നും അന്‍വര്‍ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്. 1.5 വർഷത്തോളം കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി. 

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അതു മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ. അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് അൻവർ രാജിവച്ചത്.

എംഎൽഎ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ മമതയാണു നിർദേശം നൽകിയതെന്ന് അൻവറിനോട് അടുപ്പമുള്ളവർ പറയുന്നു. ഉപതിരഞ്ഞെടുപ്പു പോരാട്ടം പാർട്ടിക്കു സംസ്ഥാനത്തു കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. പാർട്ടിയെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച തീരുമാനം വേഗത്തിലെടുക്കാൻ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനെ നിർബന്ധിതമാക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആകാമെന്ന നിലപാടാണു യുഡിഎഫ് അൻവറിനെ അറിയിച്ചത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു വരികയും അൻവർതന്നെ മത്സരിക്കുകയും ചെയ്താൽ യുഡിഎഫിനു രണ്ടിലൊന്നു തീരുമാനിക്കേണ്ടിവരും.

Tags:    

Similar News