'എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി' സോഷ്യൽ മീഡിയയിലെ രത്തൻ ടാറ്റയുടെ അവസാന കുറിപ്പ് ശ്രദ്ധനേടുന്നു
തൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ടാറ്റയുടെ പോസ്റ്റ്
മുംബെെ: രത്തൻ ടാറ്റ അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുൻപ് രത്തൻ ടാറ്റ പങ്കുവെച്ച കുറിപ്പാണിത്. 'എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി' എന്ന തലക്കെട്ടോടെയായിരുന്നു ടാറ്റയുടെ കുറിപ്പ്.
തൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ടാറ്റയുടെ പോസ്റ്റ്. തൻ്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം താൻ അറിഞ്ഞുവെന്നും ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നും ടാറ്റ കുറിച്ചു. തൻ്റെ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണം വൈദ്യപരിശോധനയ്ക്ക് വിധേയനായെന്നും നല്ല മാനസികാവസ്ഥയിലാണ് ഇപ്പോൾ താനുള്ളതെന്നും ടാറ്റ എക്സിൽ കുറിച്ചു.
'എൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഞാൻ ബോധവാനാണ്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് എല്ലാവർക്കും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണം ഞാൻ ഇപ്പോൾ വൈദ്യപരിശോധനയ്ക്ക് വിധേയനാണ്.
ആശങ്കപ്പെടേണ്ട കാര്യമില്ല. ഞാൻ നല്ല മാനസികാവസ്ഥയിലാണ് ഇപ്പോൾ തുടരുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മാറിനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു', രത്തൻ ടാറ്റ കുറിച്ചു.
ബുധനാഴ്ച രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ് ആ പേരിന്റെ അർഥം. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം.