നവീൻ ബാബുവിന് അന്ത്യയാത്ര നൽകാനൊരുങ്ങി ജന്മദേശം: സംസ്കാരം ഇന്ന് ; മൂന്നാംദിനവും ദിവ്യ കതകടച്ച് വീട്ടില്‍ത്തന്നെ

നവീൻ ബാബുവിന് ഇന്ന് യാത്രാമൊഴി, രാവിലെ പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനം

Update: 2024-10-17 02:32 GMT

പത്തനം തിട്ട : സിപിഎം നേതാവ് പി പി ദിവ്യ നടത്തിയ അധിക്ഷേപത്തിൽ മനം നൊന്ത് ജീവനൊടുക്കിയ ADM നവീൻ ബാബുവിന് ഇന്ന് ജന്മനാട് അന്ത്യയാത്ര നൽകും.

പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെൻ്റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 10 മണിയോടെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് എത്തിക്കും.തുടർന്ന് കളക്ടറേറ്റിൽ പൊതുദർശനം നടക്കും. രാവിലെ 10 മുതൽ 11.30 വരെ പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനമുണ്ടാകും . ഇന്നലെ ഉച്ചയ്‌ക്കാണു മൃതദേഹം കണ്ണൂരിൽനിന്നു പത്തനംതിട്ടയിലെത്തിച്ചത്. 

അതേസമയം എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മൂന്നാം ദിനവും കതകടച്ച് വീട്ടിനുള്ളില്‍ തന്നെയാണ്. കൈക്കൂലി ആരോപണം ഉയർത്തിയ ടിവി പ്രശാന്തൻ ബെനാമിയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ പ്രശാന്തനും മൗനത്തിലാണ്. പ്രശാന്തന്‍ പി പി ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെ ബെനാമിയാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയും ആരോപിച്ചിരുന്നു.

അജിത് പരിയാരം മെഡി.കോളജിലെ ഓഫീസ് അസിസ്റ്റന്റാണ്. അവിടെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് പ്രശാന്തന്‍. പ്രശാന്തന്റേയും ഭാര്യയുടേയും വരുമാനം കൂടി ചേര്‍ത്താലും പെട്രോള്‍ പമ്പിനായി ഇത്ര വലിയ തുക മുതല്‍മുടക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. പരിയാരം മെഡിക്കൽ കോളജിൽ ഓഫിസ് അസിസ്റ്റന്റായ ഭർത്താവ് വി.പി.അജിത്തും രണ്ടു ദിവസമായി ഓഫിസിലെത്തുന്നില്ല. ദിവ്യയെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ അറിയിച്ചു. സംരംഭകന്‍ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി വിജിലന്‍സിനും ലഭിച്ചിട്ടില്ല.


Tags:    

Similar News