മാസപ്പടി കേസിൽ നിർണായക നീക്കം; മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴിയെടുത്ത് SFIO

എസ്എഫ്ഐഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ് നടപടി

Update: 2024-10-13 12:06 GMT

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്). കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിൽവെച്ചാണ് മൊഴിയെടുത്തത്.എസ്എഫ്ഐഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ് നടപടി.

വീണക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ പുറത്ത് വന്നിരുന്നു. ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 1.72 കോടി രൂപ നൽകിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സിഎംആർഎൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തുകയും ചെയ്തിരുന്നു.

2017ൽ വീണ വിജയന്റെ എക്‌സലോജിക് കമ്പനിയും സിഎംആർഎൽ കമ്പനിയും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം വീണക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയിരിക്കുന്നത്.

എന്നാൽ, വീണ വിജയനോ എക്‌സലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങൾ നൽകിയിട്ടില്ലെന്ന് സിഎംആർഎൽ ഡയറക്ടറായ ശശിധരൻ കർത്ത ആദായനികുതി തർക്കപരിഹാര ബോർഡിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സേവനവും നൽകാതെ 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകിയെന്ന കണ്ടെത്തൽ പുറത്തുവരുന്നത്. കോർപ്പറേറ്റ് തട്ടിപ്പ് അന്വേഷണ ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണമാണിത്.

Tags:    

Similar News