പാലക്കാട് പോത്ത് വിരണ്ടോടി, അക്രമാസക്തനായ പോത്ത് ഓട്ടോ കുത്തിമറിച്ചിട്ടു
പാലക്കാട് : പോത്ത് വിരണ്ടോടി ഹോട്ടലിൽ കയറി. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നഗരത്തിലെ ഇന്ദ്രപ്രസ്ഥ എന്ന ഹോട്ടലിലാണ് പോത്ത് കയറിയത്. സംഭവസമയത്ത് രണ്ട് ജീവനക്കാർ മാത്രമാണ് ഹോട്ടലിലുണ്ടായിരുന്നത്.
അറവിനായി ഗോവയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്താണ് വിരണ്ടോടിയത്. നഗരത്തിലെത്തിയപ്പോൾ പോത്ത് വാഹനത്തിൽ നിന്ന് പുറത്തേക്ക് കടക്കുകയും വിരണ്ടോടുകയുമായിരുന്നു.
വാഹനത്തിൽ നിന്നിറങ്ങിയ പോത്ത് ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ചുമറിച്ചിട്ടു. ഇതിന് ശേഷമാണ് ഹോട്ടലിന്റെ ഉള്ളിലേക്ക് കയറിയത്. ഹോട്ടലിനുള്ളിൽ വിരണ്ടോടിയ പോത്ത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പോത്തിന്റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്തിലും വലിയ രീതിയിൽ മുറിവുകൾ പറ്റിയിട്ടുണ്ട്.
പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കീഴ്പ്പെടുത്തിയത്. വടം കെട്ടിയാണ് പോത്തിനെ നിയന്ത്രണത്തിലാക്കിയത്. വെറ്ററിനറി ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെത്തി, മയക്കാനുള്ള കുത്തിവയ്പ്പ് എടുക്കും. ഞായറാഴ്ച ആയതുകൊണ്ട് തന്നെ റോഡിൽ വലിയ തിരക്കുകൾ ഉണ്ടായിരുന്നില്ലെന്നും ഇത് വലിയ അപകടമാണ് ഒഴിവാക്കിയതെന്നും ഹോട്ടൽ ജീവനക്കാർ പ്രതികരിച്ചു.