ദേശീയപാതയില്‍ നവവധുവിനെ വെടിവെച്ച് കൊന്ന് ആഭരണങ്ങളും കാറും കവര്‍ന്നു

മീററ്റ്: കൊള്ളയടിക്കുന്നതിനിടെ കവര്‍ച്ചക്കാര്‍ നവവധുവിനെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപം ദേശീയ പാത58ല്‍ മാതൂറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസാഫര്‍ നഗര്‍ സ്വദേശികളായ ഷഹ്‌ജെബ്, ഭാര്യ ഫഹ്‌റാന എന്നിവരാണ് അക്രമത്തിനിരയായത്. ഷഹ്‌ജെബിന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും ആഭരണങ്ങളും അക്രമികള്‍ കവര്‍ന്നു.

പ്രതാപുരില്‍ റോഡ്‌സൈഡിലുള്ള ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാനായി ഇവര്‍ വാഹനം നിര്‍ത്തിയിരുന്നു. രാത്രി 11 മണിയോടെ ഇവിടെ നിന്ന് യാത്ര തുടര്‍ന്നു. ഈ സമയത്ത് ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സംഘമാണ് മതൂറില്‍ വെച്ച് തടയുകയും അക്രമം നടത്തുകയും ചെയ്തത്. അക്രമം നടന്ന സ്ഥലത്ത് നിന്ന് ദൗരാല പോലീസ് സ്‌റ്റേഷനിലേക്ക് ഒരു കിലോമീറ്റര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ഷഹ്‌ജെബിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് അക്രമി സംഘം ആഭരണങ്ങളും പണവും കവര്‍ന്നത്. കാറിനകത്തായിരുന്ന ഫഹ്‌റാനയോട് ആഭരണങ്ങള്‍ എടുത്ത് തരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെറുത്ത് നിന്നു. തുടര്‍ന്ന് അക്രമികള്‍ ഫഹ്‌റാനയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫഹ്‌റാനയെ വലിച്ച് താഴെയിറക്കുകയും കാറുമായി അക്രമികള്‍ കടന്നു കളയുകയും ചെയ്തു.

പിന്നീട് വിവരം അറിയിച്ചതനുസിരിച്ച് ഇവരുടെ ബന്ധുക്കളെത്തിയതിന് ശേഷം ഫഹ്‌റാനയെ മുസാഫര്‍ നഗര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സമീപത്തെ പെട്രോള്‍ പമ്പുകളിലും മറ്റുമുള്ള സിസിടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് മീററ്റ് സീനിയര്‍ എസ്.പി.മന്‍സില്‍ സൈനി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *