ബാലവേല വിരുദ്ധ സന്ദേശമുയർത്തി 'ഇവള്‍ ആണോ' എന്ന ഹ്രസ്വചിത്രം പുറത്തിറക്കി

പരിഷ്‌കൃത സമൂഹമെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികള്‍ക്ക് നാണക്കേടുളവാക്കുന്ന കാഴ്ചയാണ് നമ്മുടെ ചുറ്റുപാടും അരങ്ങേറിക്കൊണ്ടിരിക്കുന്ന ബാലവേലകളും, ബാലപീഡനങ്ങളും. ഇതിനെതിരെ നടക്കുന്ന ചില ബോധവല്‍ക്കരണ കാട്ടിക്കൂട്ടല്‍ പരിപാടികള്‍ കൂടി ബാലപീഡനമായി മാറിയാലോ? ഇത്തരമൊരു കാഴ്ച പങ്കുവെക്കുന്ന ഹ്രസ്വചിത്രമാണ് 'ഇവള്‍ ആണോ'. ബാലവേല വിരുദ്ധദിനമായി ആചരിക്കുന്ന ജൂണ്‍ 12ന് ഒരു സ്‌കൂളില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

മാനേജ്‌മെന്റില്‍ നിന്നു ലഭ്യമാകാവുന്ന അവാര്‍ഡ് മുന്നില്‍ കണ്ട് തീര്‍ത്തും മത്സര ബുദ്ധിയോടെ ഒരധ്യാപിക ചെറു വിദ്യാര്‍ത്ഥികളെ അണിനിരത്തി കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികളും അനന്തര ഫലമായി ഇതു വരുത്തുന്ന വിനയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏഴു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം 'ചങ്ക്‌സ് മീഡിയയുടെ' ബാനറില്‍ ദൃശ്യമാധ്യമ വാര്‍ത്ത ക്യാമറാമാന്‍ കൂടിയായ ശിബിപോട്ടോരാണ് സംവിധാനം ചെയ്തിരിക്കുന്നത്.ശിബി പോട്ടോർ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, കളര്‍ കറക്ഷന്‍ എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.റേഡിയോ ജോക്കിയായും ടെലിവിഷന്‍ അവതാരികയായും പ്രശസ്തിയാര്‍ജ്ജിച്ച ലക്ഷ്മിയും മാസ്റ്റര്‍ ജഗന്‍ശ്യാംലാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂള്‍ പശ്ചാത്തലമായ ചിത്രത്തില്‍ ഇതേ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഡോ.അബിപോളും പ്രധാനാധ്യാപിക പ്രിന്‍സിയും മറ്റ് അധ്യാപകരും കുട്ടികളുമാണ് കഥാപാത്രങ്ങളായി രംഗത്തുള്ളത്. വിജേഷ്‌നാഥ് മരത്തങ്കോട്, ജിഷ്ണു കെ.രാജ് എന്നിവര്‍ ഛായാഗ്രഹണവും, ഷിജീഷ് ഷണ്‍മുഖ എഡിറ്റിംഗും പശ്ചാത്തല സംഗീതം സന്തേഷ് റെയിന്‍ മങ്കിയും നിര്‍വഹിച്ചു. ( വീഡിയോ കാണുവാൻ : https://youtu.be/P9LZyVVxFO4 )

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story