
കുടുംബശ്രീ ഷോപ്പിങ് മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
November 24, 2018കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.രാജ്യത്തിനു തന്നെ മാതൃകയായ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ കോര്‍പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വയനാട് റോഡില്‍ ഫാത്തിമ ആശുപത്രിക്കു മുന്‍വശത്തായി അഞ്ചു കോടി രുപ ചെലവഴിച്ച് അഞ്ചു നിലയില്‍ മഹിളാ മാള്‍ നിര്‍മിച്ചിരിക്കുന്നത്.മാനേജര്‍ മുതല്‍ സര്‍വീസും ശുചീകരണവും സുരക്ഷ ഒരുക്കലും വരെയുള്ള മുഴുവന്‍ ജോലികളും പരിശീലനം ലഭിച്ച സ്ത്രീകള്‍ ചെയ്യും.കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിക്കുന്ന സാധന സാമഗ്രികളും യൂണിറ്റ് സംരംഭങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരികയെന്ന ആശയത്തിന്റെ ഭാഗമായാണ് മഹിളാ മാള്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങള്‍ക്കുമൊപ്പം പൊതു സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സ്ഥാപനങ്ങളും ഇവിടെയുണ്ട്.രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മഹിളാ മാളിന്റെ പ്രവൃത്തി സമയം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11 വരെ മാള്‍ പ്രവര്‍ത്തിക്കും.കെ. ബീന പ്രസിഡന്റും കെ. വിജയ സെക്രട്ടറിയുമായ പത്തംഗ വനിതാ ഗ്രൂപ്പാണ് മഹിളാ മാളിനു ചുക്കാന്‍ പിടിക്കുന്നത്.