ന്യുജേഴ്സിയിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ഇന്ത്യ പ്രസ്സ് ക്ളബ് ദേശീയ കോണ്‍ ഫറന്‍സ് ഒക്ടോബറില്‍

ന്യുജേഴ്സിയിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ഇന്ത്യ പ്രസ്സ് ക്ളബ് ദേശീയ കോണ്‍ ഫറന്‍സ് ഒക്ടോബറില്‍

August 14, 2019 0 By Editor

ന്യുജേഴ്സി:    ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒക്ടോബറിൽ നടക്കുന്ന എട്ടാമത് ദേശീയ കോൺഫറൻസിന് മുന്നോടിയായി ന്യൂജേഴ്സിയിലെ ദേശീയ സംഘടനകളുടെയും പ്രാദേശിക സംഘടനകളുടെയും നേതാക്കളുടെ സംയുക്തയോഗം ദേശീയ കോൺഫറൻസ് സ്വീകരണ കമ്മിറ്റി ചെയർമാൻ രാജു പള്ളം അധ്യക്ഷനായി എഡിസനിൽ നടന്നു. നാഷണൽ കോൺഫറൻസിൽ വരുത്തേണ്ട കാലോചിതമായ മാറ്റങ്ങളെ കുറിച്ചും സംഘടനാ തലത്തിലുള്ള പ്രാതിനിധ്യത്തെ കുറിച്ചും യുവജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ ഗുണകരമായ സെഷനുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ യോഗത്തിൽ നടന്നു.

സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ട കാര്യങ്ങളിൽ ഉൾക്കൊള്ളിക്കാൻ ആവുന്നത് കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാവും ഇത്തവണത്തെ കോൺഫറൻസ് എന്ന് ദേശീയ പ്രസിഡണ്ട് മധു കൊട്ടാരക്കര പറഞ്ഞു.ഇന്ത്യാ പ്രസ് ക്ലബ് നേതാക്കളും വിവിധ സംഘടനകളും തമ്മിലുള്ള കാലാകാലങ്ങളായുള്ള ഊഷ്മളമായ ബന്ധം ഈ കോൺഫറൻസ് വിജയകരമാക്കാൻ ഉപകാരപ്പെടണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. ഇതാദ്യമായാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വിവിധ സംഘടനാ നേതാക്കളെയും കൂടി കോർത്തിണക്കിക്കൊണ്ട് ഒരു കോൺഫറൻസിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.
ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂ ജഴ്സിയിലെ എഡിസനിലുള്ള ഈ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ ടി ജലീൽ, മാധ്യമപ്രവർത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ,  ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണൻ, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതാണ്.