
സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസിലെ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
August 27, 2019കേരള മനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി ഇരട്ട ജീവപരന്ത്യം വിധിച്ചു. സംസ്ഥാനത്തെ ആദ്യ ദുരഭിമാനകൊല കൂടിയാണിത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികളും 40000 രൂപ വീതം പിഴയും ഒടുക്കണം. ഇവര്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിയിലുണ്ട്. കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കായാണ് ശിക്ഷ വിധിച്ചത്.
പ്രതികളുടെ പ്രായം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിക്കാതിരുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.